തബലയുടെ ഉസ്‌താദ് വിടവാങ്ങി; സാക്കിർ ഹുസൈൻ ഇനി ഓർമ

Dec 16, 2024 - 10:27
 0
തബലയുടെ ഉസ്‌താദ് വിടവാങ്ങി; സാക്കിർ ഹുസൈൻ ഇനി ഓർമ
This is the title of the web page

പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തിയ പ്രധാനിയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബയാനിൽ (തബലയിലെ വലുത്‌) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്‌മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു.സാക്കിർ ഹുസൈൻ അന്തരിച്ചതായി ഇന്നലെ രാത്രി വാർത്ത പ്രചരിച്ചിരുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിയോഗവാർത്ത സ്ഥിരീകരിച്ച് അനുശോചന സന്ദേശവും പുറപ്പെടുവിച്ചു. ദേശീയചാനലുകളടക്കം പത്തരയോടെ വാർത്ത പുറത്തുവിട്ടു.

എന്നാൽ അന്തരിച്ചെന്ന വാർത്ത ശരിയല്ലെന്നു ബന്ധുക്കൾ അറിയിച്ചതോടെ അനുശോചനം മന്ത്രാലയം പിൻവലിച്ചു. ഇന്ന് രാവിലെയാണ് മരണവിവരം കുടുംബം പുറത്തുവിട്ടത്.മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി പ്രകടമാക്കി. തബലയില്‍ പഞ്ചാബ്‌ ഖരാനയില്‍ അച്ഛൻ അല്ലാ രഖായുടെ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസ്സിൽ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായി.

അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സിൽ ബോംബെ പ്രസ്‌ ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു.പന്ത്രണ്ടാം വയസ്സിൽ പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ്‌ അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ഷഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു.

മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍  സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സിൽ കച്ചേരി അവതരിപ്പിച്ചു.തബലയിലെ മാന്ത്രികനെന്നു കഴിഞ്ഞകാലം വിലയിരുത്തിയ ആളായിരുന്നു ഉസ്താദ് അല്ല രഖ. അദ്ദേഹത്തിന്റെ പുത്രൻ സാക്കിർ ഹുസൈനാകട്ടെ കൗമാരം വിടും മുൻപേ ഉസ്താദ് എന്ന് വാഴ്ത്തപ്പെട്ടു. പണ്ഡിറ്റ് രവിശങ്കറിനൊപ്പം സാക്കിർ ഹുസൈൻ കച്ചേരി വായിച്ചശേഷം രവിശങ്കർ പറഞ്ഞു:

 ‘‘ഇന്നു നമ്മൾ കേട്ടത് നാളെയുടെ തബല വാദനമാണ്!’’. ആ പ്രവചനം നീണ്ടുനിന്നത് ഒരുപാട് നാളേക്കാണ്. ഏതാണ്ട് അഞ്ചര പതിറ്റാണ്ട്.ലോക സംഗീത വേദിയിലെ താളരംഗത്ത് മയിസ്ട്രോ എന്ന് അരനൂറ്റാണ്ട് മുൻപേ വിശേഷിപ്പിക്കപ്പെട്ട കലാകാരനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. കിഴക്ക് എന്നോ പടിഞ്ഞാറെന്നോ വേർതിരിവില്ലാതെ അദ്ദേഹം അംഗീകരിക്കപ്പെട്ടു; ആദരിക്കപ്പെട്ടു.

 വാഷിങ്‌ടൻ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19–ാം വയസ്സിൽ അസി.പ്രഫസർ ആയി. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കു സംഗീതം നൽകി. നാലു തവണ ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1988ൽ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ൽ പത്മവിഭൂഷണും ലഭിച്ചു. പ്രശസ്‌ത കഥക്‌ നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow