വന നിയമ ഭേദഗതി ഉത്തരവ് മരവിപ്പിക്കണം: സിപിഐ എം

ഗസറ്റ് വിജ്ഞാപനത്തിലൂടെ നവംബര്‍ 1 ന് പുറത്തിറങ്ങിയ വന നിയമ ഭേദഗതി ഉത്തരവ് മരവിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഉത്തരവില്‍ വരുത്തിയിട്ടുള്ള കാലോചിതമായ മാറ്റങ്ങളും പിഴത്തുക വര്‍ദ്ധിപ്പിക്കലും വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് ഒരു പരിധിവരെ സഹായകരമാകുമെങ്കിലും വനനിയമ ഭേദഗതിയില്‍ അപകടകരമായ ജനവിരുദ്ധ നിയമങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഒറ്റ നോട്ടത്തില്‍ തന്നെ വനം വകുപ്പിന് പോലീസിന്‍റെ അധികാരം നല്‍കുന്ന തെറ്റായ നിയമ ഭേദഗതിയാണ് ഉണ്ടായിട്ടുള്ളത്.
വന സംരക്ഷണമാണ് വനം വകുപ്പിന്‍റെ ചുമതല എന്നിരിക്കെ പോലീസിന്‍റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വന നിയമ ഭേദഗതിയിലെ സെക്ഷന്‍ 52 പ്രകാരം വനവുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യം നടന്നു എന്ന ബോധ്യപ്പെട്ടാല്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആളുടെ വീട്, വാഹനം, സ്ഥലം എന്നിവയെല്ലാം വാറന്‍റില്ലാതെ പരിശോധിക്കാന്‍ പുതിയ നിയമം അനുമതി നല്‍കുന്നു. മറ്റൊന്ന് കുറ്റകൃത്യം നടന്നു എന്ന് ഏതെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ നിഗമനത്തിലെത്തിയാല്‍ ആ ആളെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താനും കുറ്റകൃത്യത്തിന് ഇടയായ സാഹചര്യത്തില്‍ ഉള്‍പ്പെട്ട വന വിഭവം ഹാജരാക്കിക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥന് അധികാരം നല്‍കുന്നു.
ഈ രണ്ട് കാര്യങ്ങളും ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്നത് സിആര്‍പിസി പ്രകാരം പോലീസാണ്. പോലീസിന്‍റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റം മാത്രമല്ല വാറന്‍റില്ലാതെ പരിശോധനയ്ക്ക് അനുമതി നല്‍കുന്നതും നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ അധികാരം നല്‍കുന്നതും വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ ഇടയാകും. കര്‍ഷകരെയും വനം വകുപ്പിനെതിരെ പ്രതിഷേധം ഉന്നയിക്കുന്ന ആരെ വേണമെങ്കിലും ഈ നിയമത്തിന്‍റെ ഇരയാക്കി മാറ്റാം.
നിയമ ഭേദഗതിയിലെ സെക്ഷന്‍ 63 പ്രകാരം ഉണ്ടായിട്ടുള്ള മാറ്റമാണ് ജനവിരുദ്ധമായ മറ്റൊരു ഭേദഗതി. വനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഏതെങ്കിലും ഒരാളെ അറസ്റ്റ് ചെയ്താല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നും തുടര്‍ നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നുമാണ് നിലവിലുള്ള നിയമം. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതിയില്‍ പറയുന്നത് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ ഫോറസ്റ്റ് ഓഫീസിലോ ഹാജരാക്കണമെന്നാണ്. ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരാക്കാമെന്ന വ്യവസ്ഥ വരുന്നതിലൂടെ ആരെ വേണമെങ്കിലും കസ്റ്റഡിയില്‍ എടുക്കുന്നതിനും തടങ്കലില്‍ വയ്ക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിയും എന്നതും ഭീതി ജനിപ്പിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതുമാണ്.
ഏറ്റവും കിരാതമായ മറ്റൊരു നിയമ ഭേദഗതി സെക്ഷന്‍ 69 പ്രകാരമുള്ളതാണ്. ഇതിന്‍ പ്രകാരം വനം വകുപ്പ് എടുക്കുന്ന കേസുമായി ബന്ധപ്പെട്ട വന വിഭവങ്ങളില്‍ ഏതെങ്കിലും ഒന്ന് കൈവശം വച്ചയാള്‍ അത് നിയമ പ്രകാരം കൈവശം വയ്ക്കാവുന്നതാണോ അല്ലയോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ആ വ്യക്തിയില്‍ നിക്ഷിപ്തമാകുന്നു എന്നതാണ്. അതായത് കുറ്റാരോപിതര്‍ തന്നെ കുറ്റം തെളിയിക്കണമെന്ന വ്യവസ്ഥയാണ് ചുമത്തപ്പെടുന്നത്.
ഇതുവരെ പ്രോസിക്യൂഷന്‍ അഥവാ കുറ്റാന്വേഷണ വിഭാഗം ആണ് കേസ് തെളിയിക്കേണ്ടിയിരുന്നതെങ്കില്‍ പുതിയ ഭേദഗതി പ്രകാരം കുറ്റാരോപിതര്‍ തന്നെ കേസ് തെളിയിക്കണം. ഇന്ത്യയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ കേസുകളില്‍ മാത്രമാണ് ഈ നിയമം നിലനില്‍ക്കുന്നത് എന്നിരിക്കെയാണ് ഏറ്റവും പ്രതിലോമകരമായ ഈ നിയമം സാധാരണക്കാരന്‍റെ മേലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്നത്. ഈ നിയമ ഭേദഗതിയുടെ സമീപനത്തില്‍ തന്നെ ഉദ്യോഗസ്ഥ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.നിലവിലുണ്ടായിരുന്ന നിയമ ലംഘനങ്ങളുടെ പിഴത്തുകകള്‍ കാലോചിതമായി പരിഷ്ക്കരിച്ചപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളുടെ പിഴത്തുക വര്‍ദ്ധിപ്പിച്ചില്ല എന്നതും കാണേണ്ടതുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് തെറ്റായ അറസ്റ്റോ, കേസെടുക്കലോ ആണ് ഉണ്ടായിട്ടുള്ളതെന്ന് തെളിയിക്കപ്പെട്ടാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് 6 മാസം തടവും 200 രൂപ പിഴത്തുകയും ചുമത്തണമെന്നാണ് നിലവിലെ നിയമം. ഇത് രണ്ടും വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്‍റെ ആണിക്കല്ലുകള്‍ നിയമ ഭേദഗതിയില്‍ തിരുകി കയറ്റിയിട്ടുള്ളതിന്‍റെ തെളിവാണ്. അക്ഷരാര്‍ത്ഥത്തില്‍ വനം വകുപ്പിനെ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു കൊടുക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്നും ഒരു കാരണവശാലും ഈ നിയമ ഭേദഗതി ഇടുക്കി ജില്ലയില്‍ നടപ്പാക്കാന്‍ ഒരര്‍ത്ഥത്തിലും അനുവദിക്കില്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.