ഏലക്ക മോഷ്ടിച്ച മൂന്നു പേരെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു
ചീന്തലാർ മൂന്നാം ഡിവിഷൻ കമ്പിലയത്തിൽ കണ്ണക്കൻ എം .റെജി (54), ആനപ്പള്ളം പുത്തൻപറമ്പിൽ പി.ആർ. സന്തോഷ് (2 7) , മൂന്നാം ഡിവിഷൻ മൂന്നുമുറി ലയത്തിൽ പ്ലാമൂട്ടിൽ ജിനു വർഗീസ് (35) എന്നിവരാണ് അറസ്റ്റിലായത്. മേരികുളം , നിരപ്പേൽക്കട പുല്ലാട്ട് റജിയുടെ ചീന്തലാർ ലൂസിഫർ പള്ളിക്കു സമീപം മൂന്നാം ഡിവിഷൻ പതാൽ കാട്ടിലെ പാട്ടഭൂമിയിൽ നിന്നാണ് ഇവർ 25 കിലോ പച്ചഏലക്ക മോഷ്ടിച്ചത്. ശരം ഉൾപ്പെടെ മുറിച്ചെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ റജിയുടെ വീട്ടിലിരുന്ന് ശരത്തിൽ നിന്നും ഏലക്ക അടർത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. പുറത്തു നിന്നും താഴിട്ടു പൂട്ടിയ നിലയിലായിരുന്നു വീട്. ഏലക്ക മോഷണം പോയ വിവരം ഇതിനോടകം നാട്ടുകാർ അറിഞ്ഞിരുന്നു. പുറത്തു നിന്നും പൂട്ടിയിരുന്ന വീടിനുള്ളിൽ ആളനക്കം ഉണ്ടെന്നു സമീപവാസിയായ പഞ്ചായത്തംഗം എം. എൻ. സന്തോഷ്, ഹോംഗാർഡ് തൊണ്ടിപ്പറമ്പിൽ മോനിച്ചൻ എന്നിവർക്ക് മനസിലായി.
ഏറെ നേരം ശ്രദ്ധിച്ചതോടെ സംശയം ബലപ്പെട്ടു. തുടർന്ന് വിവരം ഉപ്പുതറ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിൽ 25 കിലോ ഏലക്ക കണ്ടെടുത്ത് മൂന്നു പേരെയും അറസ്റ്റു ചെയ്തു. വില ഉയർന്നതോടെ ശരം മുറിച്ചുള്ള ഏലക്ക മോഷണം പ്രദേശത്ത് വ്യാപകമായിട്ടുണ്ട്. എന്നാൽ പിടിയിലായ പ്രതികൾ മുൻപ് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.



