രാജാക്കാട് മേഖലയില്‍ കിണറുകളിലെ മോട്ടോര്‍ മോഷണം പതിവ്; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
രാജാക്കാട് മേഖലയില്‍ കിണറുകളിലെ മോട്ടോര്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം രാജാക്കാട് ഈഴക്കുന്നേല്‍ ഡില്‍ജോ കുടിവെള്ളമെടുക്കാന്‍ കിണറ്റില്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ മോഷണം പോയി. മോട്ടോര്‍ ഓണ്‍ ചെയ്തിട്ടും വെള്ളം വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. മോട്ടോറിന്റെ കേബിളും, ഹോസും മുറിച്ചാണ് മോഷ്ടാക്കള്‍ കടത്തി കൊണ്ട് പോയത്.
ഒന്നര ആഴ്ച മുന്‍പ് ഇതേ കിണറ്റില്‍ സ്ഥാപിച്ചിരുന്ന ബാങ്ക് ജീവനക്കാരനായ സന്തോഷിന്റെ മോട്ടോര്‍ മോഷ്ടിക്കാനുള്ള ശ്രമവും നടന്നിരുന്നു. വെള്ളം കയറാതെ വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ആണ് ഹോസ് മുറിച്ചതായി കണ്ടെത്തിയത്. മുന്‍പ് കല്ലുവെട്ടത്ത് വിജയന്‍, ഒറ്റപ്ലാക്കല്‍ നോബി എന്നിവരുടെ മോട്ടോറും ഈ കിണറിന്റെ ഭാഗത്ത് നിന്ന് മോഷണം പോയിട്ടുണ്ട്. അടിയന്തരമായി മോഷ്ടാക്കളെ പിടികൂടാനുള്ള നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.





