ദേവികുളം താലൂക്കിലെ തോട്ടം മേഖലയിലെയും ആദിവാസി ഇടങ്ങളിലെയും മൊബൈല്‍ കവറേജിന്റെ ലഭ്യത കുറവ് പരിക്കുന്നതില്‍ ഇനിയും പരിഹാരമില്ല

ദേവികുളം താലൂക്കിലെ തോട്ടം മേഖലയിലും ആദിവാസി ഇടങ്ങളിലുമൊക്കെ ആളുകള്‍ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുറവു മൂലം പ്രതിസന്ധി അനുഭവിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്കാണ് ഈ മേഖലയില്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.എന്നാല്‍ നിലവിലുള്ള നെറ്റ് വര്‍ക്ക് കാര്യക്ഷമമല്ലെന്നു മാത്രമല്ല.പുതിയതായി നെറ്റ് വര്‍ക്ക് വേണ്ടയിടങ്ങളില്‍ നെറ്റ് വര്‍ക്ക് സംവിധാനം വേണ്ടവിധം പ്രവര്‍ത്തനക്ഷമമായിട്ടുമില്ല.ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് കുടുംബങ്ങളുടെ പരാതി.
പ്രതിസന്ധിക്ക് പരിഹാരമായി ചിലയിടങ്ങളില്‍ പുതിയ ബി എസ് എന്‍ എല്‍ ടവറുകള്‍ സ്ഥാപിച്ചിരുന്നു.ഉള്ള ടവറുകള്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും പ്രഖ്യാപനമുണ്ടായി.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം.നെറ്റ് വര്‍ക്കിന്റെ അപര്യാപ്ത മൂലം അവശ്യഘട്ടങ്ങളില്‍ പരസ്പരമുള്ള ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് മാത്രമല്ല ഓണ്‍ലൈന്‍ ബാങ്കിംഗ് അടക്കമുള്ള ആളുകളുടെ ദൈന്യം ദിന ആവശ്യങ്ങളും പ്രതിസന്ധിയിലാകുന്നു.ഈ സാഹചര്യത്തിലാണ് നെറ്റ് വര്‍ക്ക് കാര്യക്ഷമമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുള്ളത്.