കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു
നഗരസഭയിൽ ഫെസ്റ്റിന് മൈതാനം അനുവദിക്കാൻ ക്വട്ടേഷൻ വിളിച്ചതുമായി ബന്ധപ്പെട്ട് സ്റ്റിയറിങ്ങ് കമ്മിറ്റി എടുത്ത തീരുമാനത്തെച്ചൊല്ലി കൗൺസിലിൽ ഭരണ പ്രതിപക്ഷ വാദ പ്രതിവാദങ്ങൾ ഉണ്ടായി.അഗളാട് സ്വദേശി മുനീർ 13 ലക്ഷം രൂപയും നരിയംപാറ സ്വദേശി ബിജു പൂവത്താനിയുമാണ് 15.99 ലക്ഷം രൂപയുമാണ് ഫെസ്റ്റിന് മൈതാനം അനുവദിക്കുന്നതിനായി ക്വട്ടേഷൻ വെച്ചത്. ഇതിൽ ഉയർന്ന തുക നൽകിയ പൂവത്താനി ബിജുവിന് മൈതാനം വിട്ടു നൽകാൻ സ്റ്റിയറിങ്ങ് കമ്മിറ്റി തീരുമാനിച്ചു.
തീരുമാനം കൗൺസിലിന്റെ അംഗീകാരത്തിനായി വന്നപ്പോഴാണ് ഭരണ - പ്രതിപക്ഷ വാക്കേറ്റം ഉണ്ടായത്.ക്വട്ടേഷൻ നൽകാൻ കട്ടപ്പനയിലുള്ള സംഘടനകൾക്ക് ആവശ്യമായ സമയം നൽകിയില്ലെന്നും തീരുമാനത്തോട് വിയോജിക്കുന്നു എന്നും പ്രതിപക്ഷ കൗൺസിലർ സിജോമോൻ ജോസ് പ്രതികരിച്ചു. ആവശ്യമായ സമയം നൽകിയിട്ടും ക്വട്ടേഷനുകൾ നൽകുന്നതിൽ ചിലർ താമസം വരുത്തിയെന്ന് ഭരണകക്ഷി അംഗം മനോജ് മുരളി പ്രതികരിച്ചു.
ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വാക്കേറ്റമായി. ഡസ്‌കിൽ അടിച്ചും മറ്റും വാക്കേറ്റവും ഒത്തുകളി ആരോപണങ്ങളും തുടർന്നു. ഒടുവിൽ ഉയർന്ന തുകയും ജി.എസ്.ടി.യും ലഭിച്ചാൽ മൈതാനം കൈമാറാമെന്ന തീരുമാനത്തിൽ കൗൺസിൽ എത്തുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ തീരുമാനത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ 28 വിഷയങ്ങളാണ് കൗൺസിൽ യോഗത്തിൽ ചർച്ചയായത്.
കട്ടപ്പന നഗരസഭയിൽ കേരളോത്സവം 2024 സംഘടിപ്പിക്കുന്നത് സംബന്ധിച്ചും, പുളിയന്മലയിലുള്ള എസ് വിഭാഗത്തിനായുള്ള മുനിസിപ്പാലിറ്റി വക സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന റോഡുകളിൽ നിന്ന് എത്ര മീറ്റർ വിട്ട് പട്ടയം നൽകാമെന്നത് സംബന്ധിച്ച് വിഷയത്തിൽ നിയമോപദേശം ലഭ്യമാക്കാനും യോത്തിൽ തീരുമാനമായി.