വണ്ടിപ്പെരിയാർ സത്രം കാനന പാത വഴി ശബരിമലയിലേക്ക് യാത്ര നടത്തുന്ന അയ്യപ്പഭക്തർക്ക് വിവിധ വകുപ്പുകളുടെയും ഒപ്പം സ്വകാര്യ വ്യക്തികളുടെയും നേതൃത്വത്തിൽ മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായി

കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ വണ്ടിപ്പെരിയാർ സത്രം കാനനപാതയിലൂടെ അയ്യപ്പഭക്തർ കൂടുതലായി എത്തുമെന്ന് കണക്കുകൂട്ടലിൽ തന്നെയാണ് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി വന്നിരുന്നത്. ഇതിനിടയിൽ കഴിഞ്ഞദിവസം ഇടുക്കി ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കുകയും അയ്യപ്പഭക്തർക്ക് ഏർപ്പെടുത്തിയിരിക്കുന്ന കടകളിൽ പരിശോധന നടത്തുകയും ചെയ്തു.
ഈ സമയം താൽക്കാലിക കടകൾക്ക് ലൈസൻസ് ഹെൽത്ത് കാർഡ് എന്നിവ ഇല്ലാത്തതിനാൽ അടയ്ക്കാൻ നിർദ്ദേശം നൽകി. തുടർന്ന് ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്ഥലത്ത് തന്നെ ക്യാമ്പ് സംഘടിപ്പിച്ച് ഇവിടെ പ്രവർത്തിക്കുന്ന മുഴുവൻ കടകൾക്കും ഹെൽത്ത് കാർഡ് വിതരണം നടത്തുകയും ചെയ്തു. ഇതുവരെയുള്ള മുഴുവൻ പ്രശ്നങ്ങളും പരിഹരിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ ബോബി ചെറിയാൻ പറഞ്ഞു.
മുപ്പതോളം കടകൾ ആണ് സത്രത്തിൽ മാത്രം പ്രവർത്തിച്ചു വരുന്നത്. ഇതിൽ 20 എണ്ണത്തിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ വിരി സൗകര്യവും കുളിക്കാനും ബാത്റൂമിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ദേവസ്വം ബോർഡിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 5000 അയ്യപ്പഭക്തർ സത്രത്തിൽ എത്തിയാൽ പോലും ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മുഴുവനും വിവിധ വകുപ്പുകളുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും സംയുക്താഭിമുഖ്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതായി സത്രത്തിലെ വ്യാപാരി കുടിയായ എബി പറയുന്നു.
തിരുവനന്തപുരം കൊല്ലം കോഴിക്കോട് കാസർഗോഡ് തുടങ്ങിയ കേരളത്തിലെ വിവിധ പ്രദേശത്തു നിന്നുമാണ് ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ ഇതുവഴി എത്തുന്നത്. ഇതുകൂടാതെ തമിഴ്നാട് ആന്ധ്ര കർണാടക തുടങ്ങിയ പ്രദേശത്തു നിന്നും ശബരിമല ദർശനത്തിനായി ഇതുവഴി അയ്യപ്പഭക്തർ കാൽനടയായും എത്തിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ ആകുന്നതോടുകൂടി കൂടുതലായ അയ്യപ്പഭക്തർ ഇതുവഴി എത്താനാണ് സാധ്യത.ഫോറസ്റ്റ് പോലീസ് കെഎസ്ആർടിസി റവന്യൂ ഡിപ്പാർട്ട്മെന്റ് ദേവസ്വം ബോർഡ് കെഎസ്ഇബി തുടങ്ങിയ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് സജ്ജമാക്കിയിരിക്കുന്നത്.