രാജാക്കാട് മുന്നൂറേക്കറിലെ ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായ മോഷ്ടിച്ച് വിൽപന നടത്തിയ കേസിൽ രണ്ടാം പ്രതിയെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

കേസിലെ അഞ്ചും ആറും പ്രതികളായ ബോർഡിനായ്ക്കന്നൂർ സ്വദേശികളായ കർണരാജ(28), മാവടി ചന്ദനപ്പാറ സ്വദേശി മുത്തുക്കറുപ്പൻ(31) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ഉൾപ്പെടെ മൂന്നു പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 19 ന് രാത്രിയാണ് പ്രതികൾ മുന്നൂറേക്കറിലെ ഏലം സ്റ്റോറിന്റെ പൂട്ട് പൊളിച്ച് മുറിയിൽ സൂക്ഷിച്ചിരുന്ന 52 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് ഏലക്കായ മോഷ്ടിച്ച് മുത്തുക്കറുപ്പന്റെ വാഹനത്തിൽ കൊണ്ടുപോയത്.
ശാന്തൻപാറ പുത്തടിയിലെ മലഞ്ചരക്ക് കടയിൽ ഇത് വിറ്റ ശേഷം പ്രതികൾ പണം പങ്കുവച്ചു. മോഷണം നടന്ന എസ്റ്റേറ്റിലെ മുൻജീവനക്കാരനായിരുന്ന തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്റെ നിർദേശപ്രകാരമാണ് പ്രതികൾ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഒക്ടോബർ 27 ന് മല്ലിംഗാപുരത്തെ മദ്യഷാപ്പിന് സമീപം വച്ച് കർണരാജയെ പിടികൂടി.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുത്തുകറുപ്പനെ മാവടിയിൽ നിന്ന് പിടികൂടിയത്. ഈ രണ്ട് പ്രതികളെയും കോടതി റിമാൻഡ് ചെയ്തിരുന്നു. രാജാക്കാട് സിഐ വി.വിനോദ്കുമാർ, എസ് ഐ മാരായ സജി എൻ. പോൾ, കെ.എൽ.സിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.