കാഞ്ചിയാർ പഞ്ചായത്തിന് മുൻപിൽ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പരാമർശം സ്വയം വിലയിരുത്തണമെന്ന് കോൺഗ്രസ് മണ്ഡലം നേതൃത്വം
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കൂട്ട ധർണ്ണ നടത്തിയത്. പഞ്ചായത്തിലെ തകർന്നു കിടക്കുന്ന പാതകൾ, ലൈഫ് പദ്ധതി പ്രതിസന്ധികൾ, കുടുംബാരോഗ്യ കേന്ദ്രം നേരിടുന്ന പ്രതിസന്ധി, ശൗചാലയങ്ങൾ ശബരിമല തീർത്ഥാടകർക്ക് ഉള്ള ഇടത്താവളം എന്നിവയിൽ തുടരുന്ന അനാസ്ഥ , മിഴിയടച്ച വഴിവിളക്കുകൾ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ ധർണ്ണ.
ഈ ധർണ അപഹാസ്യം ആണെന്നും മികച്ച പഞ്ചായത്തിനെ കരിത്തേക്കാൻ ശ്രമിക്കുന്നുവെന്നതുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സമരത്തിനെതിരെ ഉന്നയിച്ച ആരോപണം.എന്നാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം സ്വയം വിലയിരുത്തുകയും തിരിച്ചെടുക്കുകയും പൊതുജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണമെന്ന് കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ പറഞ്ഞു.
ബിജെപിക്കാരനായ പഞ്ചായത്ത് പ്രസിഡന്റും ഇടതുപക്ഷ പഞ്ചായത്ത് അംഗങ്ങളും ഒരുമിച്ച് നിന്ന് എല്ലാ വികസനങ്ങളും അട്ടിമറിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അടിയന്തരമായി പൂർത്തിയാക്കേണ്ട പല പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്നതിന് പഞ്ചായത്തിനുള്ളിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്ന് ഡി സി സി അംഗം ജോയ് ഈഴക്കുന്നേൽ ആരോപിച്ചു.
കോൺഗ്രസ് ഉന്നയിച്ച 10 വിഷയങ്ങളിൽ തുടർ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് മണ്ഡലം കമ്മിറ്റി. ജനങ്ങൾ നേരിടുന്ന വിവിധ പ്രതിസന്ധികൾക്ക് മേലും പഞ്ചായത്തിൽ ബിജെപി എൽഡിഎഫ് കൂട്ടുകെട്ടിൽ നടക്കുന്ന അഴിമതിക്കെതിരെയും വരുന്ന ദിവസങ്ങളിൽ നിരവധിയായ സമരങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത് എന്നും നേതാക്കൾ വ്യക്തമാക്കി.








