യൂത്ത് കോൺഗ്രസ് നേതാവും ഡീൻ കുര്യാക്കോസ് എംപിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ സെബിൻ എബ്രഹാമും സഹ പ്രവർത്തകരും കോൺഗ്രസ് വിട്ട് സി പി ഐ എം ൽ ചേർന്നു

ഡീൻ കുര്യാക്കോസ് എംപിയുടെ മുൻ പഴ്‌സണൽ സ്റ്റാഫും യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം മുൻ സെക്രട്ടറിയും നിയോജകമണ്ഡലം മുൻ വൈസ് പ്രസിഡന്റുമാണ് സെബിൻ എബ്രഹാം. ഇദ്ദേഹത്തോടൊപ്പം നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് വിട്ട് സി പി ഐ എമ്മിൽ ചേർന്നു . സിപിഐ എം ചെമ്പകപ്പാറ ലോക്കൽ കമ്മിറ്റി ഇരട്ടയാർ നോർത്തിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി ഇവരെ പാർട്ടി പതാക നൽകിയും രക്തഹാരമണിയിച്ചും സ്വീകരിച്ചു.
സെബിൻ എബ്രഹാമിന്റെ ഇളയ സഹോദരൻ അജിത്ത് എബ്രഹാം, പിതൃസഹോദരൻ നന്ത്യാട്ടുപടവിൽ തോമസ് ദേവസ്യ, തറപ്പേൽ സോജൻ കുര്യാക്കോസ്, കൊച്ചുപുരയ്ക്കൽ ടോമി വർക്കി, അംബിക ടോമി എന്നിവരും സി പി എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഇരട്ടയാറിൽ നടപ്പുവഴി കെട്ടിയടയ്ക്കാനുള്ള നീക്കം തടഞ്ഞ സെബിനെ ആക്രമിച്ച ഇരട്ടയാർ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട്, ഇരട്ടയാർ മുളയാനിയിൽ സാബു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം നയവിശദീകരണ യോഗത്തിൽ ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. സെബിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തനിച്ചു താമസിച്ചു വന്നിരുന്ന ഇരട്ടയാർ ചെമ്മണ്ണിൽ രാജുവിന്റെ വീടും സ്ഥലവും അന്യാധീനമായി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി.ഈസ്ഥലത്തുകൂടിയുള്ള നടപ്പുവഴി പഞ്ചായത്തംഗത്തിന്റെ ഒത്താശയോടെ കെട്ടിയടയ്ക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ എം നേതാക്കൾ ആവശ്യപ്പെട്ടു.
യോഗത്തിൽ ചെമ്പകപ്പാറ ലോക്കൽ സെക്രട്ടറി ജോയി ജോർജ് കുഴികുത്തിയാനി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ പി ബി ഷാജി, ടോമി, ഇരട്ടയാർ ലോക്കൽ സെക്രട്ടറി റിൻസ് ചാക്കോ, ടി എസ് ഷാജി, കെ ഡി രാജു, സണ്ണി ജോസഫ്, പി എം സജേഷ്, അനീഷ് ജോർജ്, ബെന്നി ചാക്കോ എന്നിവർ സംസാരിച്ചു.