അച്ഛനും മകനും ചേർന്ന് മോഷണം ; മകൻ പോലീസ് പിടിയിൽ

അണക്കര സ്വദേശിയുടെ സ്റ്റോറിൽ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഓട്ടം വിളിക്കുകയും പേത്തൊട്ടിയിൽ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറയുകയും ചെയ്തു.
സംശയം തോന്നിയ ജോയി ഓട്ടം പോയില്ല. രാത്രിയിൽ പതിവ് പരിശോധനക്കെത്തിയ ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു. ജോയിയെ ഓട്ടം വിളിച്ചയാൾ പേത്തൊട്ടി ഭാഗത്തേക്ക് ബൈക്കോടിച്ചു പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡിൽ വച്ച് പ്രതി ബൈക്കിൽ ഒരു ചാക്ക് ഏലക്കയുമായി പോകുന്നത് കണ്ടു. പോലീസിനെ കണ്ടയുടൻ പ്രതി ബൈക്ക് മറിച്ചിട്ട് ശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി.
ഇയാൾ ഉപേക്ഷിച്ചു പോയ ബാഗിൽ നിന്നുമാണ് പ്രതിയുടെ പേരും വിലാസവും പോലീസിന് ലഭിക്കുന്നത്. ബാഗിൽ ഉണ്ടായിരുന്ന വാഹന വിൽപന കരാറിൽ വിപിന്റെ ഫോൺ നമ്പറുണ്ടായിരുന്നു. ഫോൺ നമ്പർ ട്രേസ് ചെയ്തപ്പോൾ അടിമാലി ഭാഗത്തേക്കുള്ള വാഹനത്തിൽ ഇയാൾ പോകുന്നതായി കണ്ടെത്തി. തുടർന്ന് പോലീസ് സംഘം വാഹനത്തിൽ വെള്ളത്തൂവൽ പവർഹൗസ് ഭാഗത്ത് വച്ച് ബസിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.