ഇടുക്കി ചൊക്രമുടിയിൽ അനധികൃതമായി നിർമിച്ച തടയണ മൂടണമെന്നാവശ്യപ്പെട്ട് ചെക്രമുടി സംരക്ഷണ സമിതി നൽകിയ പരാതിയിൽ നടപടി
ഇടുക്കി ചൊക്രമുടിയിൽ അനധികൃതമായി നിർമിച്ച തടയണ മൂടണമെന്നാവശ്യപ്പെട്ട് ചെക്രമുടി സംരക്ഷണ സമിതി നൽകിയ പരാതിയിൽ നടപടി. ദുരന്ത നിവാരണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബൈസൺ വാലി പഞ്ചായത്തിന് നിർദ്ദേശം നൽകി.മലമുകളിൽ നിന്ന് ഒഴുകിവരുന്ന നീർച്ചാലിലെ വെള്ളം സംഭരിക്കാൻ 20 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും 4 മീറ്റർ ആഴത്തിലുമാണ് തടയണ നിർമ്മിച്ചത്.
ചൊക്രമുടി മലയുടെ താഴ്ഭാഗത്തെ ആദിവാസി കുടികളിൽ ഉൾപ്പെടെ താമസിക്കുന്നവർക്ക് തടയണ ഭീഷണിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അഞ്ചുമാസം മുമ്പ് മഴയിൽ തടയണയുടെ ഒരു ഭാഗം തകർന്നു. മലമുകളിലെ തടയണ, താഴ്ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ഭീഷണിയാണെന്ന് വ്യക്തമായിട്ടും ഇത് മൂടുന്നതിന് അധികൃതർ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് ചൊക്രമുടി സംരക്ഷണ സമിതി പരാതിയുമായി രംഗത്ത് എത്തിയത്.
ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എൽ എസ് ജി ഡി അസിസ്റ്റൻറ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. തടയണ മൂടുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. ദുരന്തനിവാരണ അതോറിറ്റിയുടെ പ്ലാൻ അനുസരിച്ച് റെഡ് സോണിൽ ഉൾപ്പെടുന്ന ചൊക്രമുടിയിൽ പാറക്കൂട്ടങ്ങൾ നീർച്ചാലുകൾ എന്നിവ നശിപ്പിച്ചതായി ഉത്തര മേഖല ഐ ജി K സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ചൊക്രമുടിയിലെ വിവാദ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഭാഗമായി കാട്ടുമരങ്ങളും നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള ജൈവസമ്പത്തും നഷ്ടപ്പെട്ടതായും അന്വേഷണസംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. 7 മീറ്റർ വീതിയിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിക്കുകയും ഭൂമി പ്ലോട്ടുകളായി തിരിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് ഇളക്കുകയും ചെയ്തതോടെയാണ് ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള ജൈവസമ്പത്ത് നശിച്ചത്. ഇത് സംബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ബൈസൺ വാലി പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെയാണ് ഇവർ റിപ്പോർട്ട് നൽകിയത്. ചൊക്രമുടിയുടെ ഉടമസ്ഥത സംബന്ധിച്ച വിവരങ്ങൾ നൽകാൻ റവന്യൂ വകുപ്പിനോടും ജൈവവൈവിധ്യ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.








