വള്ളക്കടവ് ഇരുപതേക്കർ റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി

ഹൈറേഞ്ചിന്റെ കുടിയേറ്റ കാലത്തോളം പഴക്കമുള്ളതും കുട്ടിക്കാനം പുളിയന്മല മലയോര ഹൈവേയേയും അടിമാലി കുമളി ദേശീയപാതയായ എൻഎച്ച് 185 നെയും ബന്ധിപ്പിക്കുന്നതുമായ പാത യാണ് കുണ്ടുംകുഴിയുമായി കിടക്കുന്നത്.തോട്ടം മേഖലയായ ആനവിലാസം, കടമാകുഴി,മേട്ടുക്കുഴി,വള്ളക്കടവ് എന്നീ പ്രദേശങ്ങളിലേക്കും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്ന അമ്പലക്കവല ട്രൈബൽ കോളനിയിലേക്കും ഉള്ള പാതകൂടിയാണിത്.
നിരവധി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയാണ് ഇതുവഴി നടന്നു പോകുന്നതും. എന്നാൽ റോഡ് നാളുകളായി തീർത്തും ശോചനീയാവസ്ഥയിലാണ്. പലയിടങ്ങളിലും വലിയ ഗർത്തങ്ങളും വെള്ളക്കെട്ടുകളും രൂപപെട്ടിരിക്കുകയാണ്. വാഹനയാത്രയും ദുഷ്കരമായി മാറി.ഇതിന് പരിഹാരമായി ഇ റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐഎം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തിയത്.
ഒപ്പുകൾ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി റോഷി അഗസ്റ്റിൻ, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർക്ക് നിവേദനം ആയി നൽകും. ഒപ്പ് ശേഖരണം സിപിഐഎം ലോക്കൽ സെക്രട്ടറി സി ആർ മുരളി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി വി സി സിബി, നഗരസഭ കൗൺസിലർ ഷജി തങ്കച്ചൻ, തുടങ്ങിയവർ നേതൃത്വം നൽകി.