സിപ്ലെയിൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന വനവകുപ്പ് നടപടിയിൽ പ്രതിഷേധം; ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവികുളം വനം വകുപ്പ് ഓഫീസിന് മുമ്പിൽ പ്രതിഷേധ മാർച്ച് നടത്തി

വർഷങ്ങൾക്കു മുൻപ് വിവിധ വകുപ്പുകൾ ചേർന്ന് ഡാമുകളിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് മാട്ടുപ്പെട്ടിയിൽ ജലവിമാനമിറക്കാൻ അനുയോജ്യമെന്ന് കണ്ടെത്തി പരീക്ഷണ പറക്കൽ നടത്തിയത്.എന്നാൽ മാട്ടുപ്പെട്ടി വനമേഖലയാണെന്ന് പറഞ്ഞ് റിപ്പോർട്ട് നൽകി വനംവകുപ്പ് പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. സർക്കാരിൻ്റെ അഭിമാന പദ്ധതി അട്ടിമറിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൻ്റെ വികസനത്തിനായി സർക്കാർ നടപ്പാക്കുന്ന സീ പ്ലെയിൻ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വനവകുപ്പിന്റെ നടപടിക്കെതിരെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിത്. പ്രകടനമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ദേവികുളം വനം വകുപ്പ് ഓഫീസിന് മുമ്പിലെത്തിയത്. വനം വകുപ്പ് ഓഫീസിന് മുന്നിൽ പ്രവർത്തകരെ പോലീസ് തടഞ്ഞു. സമാന്തര സർക്കാരായി മാറുന്ന വനം വകുപ്പിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് അധ്യക്ഷനായി. എ.രാജ എംഎൽഎ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, ജോയിൻ സെക്രട്ടറി തേജസ് കെ ജോസ്, മൂന്നാർ ബ്ലോക്ക് സെക്രട്ടറി കെ.വി സമ്പത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബി അനുപ്, മൂന്നാർ എരിയാ സെക്രട്ടറി കെ.കെ വിജയൻ.തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.