കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 25ന് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തും

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 25ന് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇടതുമുന്നണി നേതൃത്വം നൽകുന്ന പഞ്ചായത്തിൽ വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുകയാണ്. എൽ.ഡി.എഫും ബി.ജെ.പിയും വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്ന കാഴ്‌ചയാണ് കാണാനാകുന്നത്. ബി.ജെ.പിക്കാരനായ പ്രസിഡൻ്റും ഭരണ കക്ഷിയായ എൽ.ഡി.എഫും കൈകോർത്ത് പോകുമ്പോൾ യാതൊരു വികസന പദ്ധതികളും പഞ്ചായത്തിൽ നടക്കുന്നില്ല.
പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിലെ അൻപതോളം ഗ്രാമീണ റോഡുകൾ പൂർണ്ണമായും തകർന്ന് ഗതാഗതം ദുരിത പൂർണ്ണമായിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമീണ റോഡുകളുടെ മെയിൻ്റനൻസ് ജോലികൾ നടത്താതിരുന്നതാണ് വിനയായത്.ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ വർഷങ്ങൾക്ക് മുൻപ് അപേക്ഷ നൽകി കാത്തിരിക്കുന്നജനറൽ വിഭാഗത്തിൽപ്പട്ട കുടുംബങ്ങൾക്ക് നാളിതുവരെ വീടുകൾ നൽകാനായിട്ടില്ല. ദൂരഹിത കുടുംബങ്ങൾക്കായി വിഭാവനം ചെയ്ത പാർപ്പിട സമുച്ചയ നിർമ്മാണവും എങ്ങുമെത്തിയിട്ടില്ല.
കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തതും മരുന്നുകൾ ലഭ്യമല്ലാത്തതും ആവശ്യത്തിന് തോട്ടം, ആദിവാസി മേഖലയിൽ നിന്നെത്തുന്ന രോഗികളെ ദുരിതത്തിലാക്കുന്നു. കിടത്തി ചികിത്സ മുടങ്ങിയത് നിർധനന രോഗികൾക്ക് കൂടുതൽ ദുരിതങ്ങൾ സമ്മാനിക്കുകയാണ്.പഞ്ചായത്ത് ആസ്ഥാനമായ ലബ്ബക്കട ജംക്ഷനിലെയും തൊപ്പിപ്പാളയിലെയും ഹൈമാസ്‌റ്റ് ലൈറ്റുകൾ തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞു. വ്യാപാരികൾ ഉൾപ്പെടെ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ല. ഗ്രാമീണ മേഖലയിലെ വഴിവിളക്കുകളും മിഴിയടച്ചിട്ട് മാസങ്ങളായി.
യാത്രക്കാർക്ക് ആശ്രയമായ അഞ്ചുരുളി, ലബ്ബക്കട കംഫർട്ട് സ്‌റ്റേഷനുകൾ മാസങ്ങളായി തുറന്നു പ്രവർത്തിക്കുന്നില്ല. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ച് പൊതുജനങ്ങൾക്കായി നിർമ്മിച്ച ടോയ്‌ലറ്റും കെടുകാര്യസ്ഥത മൂലം നാളിതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല.ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച വയോജന ഹെൽത്ത് ക്ലബ് മാസങ്ങൾ കഴിഞ്ഞിട്ട് പ്രയോജനകരമാക്കിയിട്ടില്ല. എല്ലാവിധ (%) ഉപകരണങ്ങളും ലഭ്യമാക്കിയിട്ടും തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയെടുത്തിട്ടില്ല.
25ന് 11 മണിക്ക് നടക്കുന്ന ധർണ്ണാ സമരം കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻ്റ് അനീഷ് മണ്ണൂർ അധ്യക്ഷത വഹിക്കും. ഡി.സി.സി വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പടവൻ മുഖ്യ പ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡൻ്റ് അനീഷ് മണ്ണൂർ, ഭാരവാഹികളായ ജോമോൻ തെക്കേൽ, ആൽബിൻ മണ്ണൻചേരിൽ, സി കെ സരസൻ, സണ്ണി വെങ്ങാലൂർ, ബിജു വർഗീസ് എന്നിവർ അറിയിച്ചു.