ജില്ലയിലെ വിദ്യാലയങ്ങളുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും സംയുക്ത പരിശോധന നടത്തി
ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കി വരുന്ന ശരണബാല്യം പദ്ധതിയുടെ ആഭിമുഖ്യത്തിൽ പോലീസ്, എക്സൈസ്, തൊഴിൽ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിലെ വിദ്യാലയങ്ങളുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും സംയുക്ത പരിശോധന നടത്തി.സെർച്ച് ഡ്രൈവ് അലർട്ട് സ്ക്വാഡ് എന്ന പേരിൽ നടത്തിയ ദ്രുത പരിശോധന ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലുമുള്ള സ്കൂൾ പരിസരങ്ങളിലും ഒരേ സമയം നടത്തി .
സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെ ലഭ്യത തടയുകയും കുട്ടികൾക്കെതിരെയുള്ള മറ്റ് ചൂഷണങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുകയും കുട്ടികൾക്കായുള്ള നിയമ സംരക്ഷണ സംവിധാനങ്ങളെ പറ്റിയുള്ള ബോധവത്കരണവും ആയിരുന്നു പരിശോധനയുടെ ലക്ഷ്യം . പരിശോധനയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് നിന്നും നിരോധിക്കപ്പെട്ട ലഹരി വസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി.
നിയമ ലംഘനം നടത്തിയവർക്കെതിരെ എതിരെ നിയമ നടപടികൾ സ്വീകരിച്ചു വരുന്നു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥർ,സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർ, കാവൽ , കാവൽ പ്ലസ് പദ്ധതികളിലെ ഉദ്യോഗസ്ഥർ, ഔവർ റെസ്‌പോൺസിബിളിറ്റി ടു ചിൽഡ്രൻ പദ്ധതിയിലെ ഉദ്യോഗസ്ഥർ മുതലായവർ പരിശോധനയിൽ പങ്കെടുത്തു. നവംബർ 14 മുതൽ നവംബർ 20 വരെ നടത്തുന്ന ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്.