വേനൽ കനക്കും മുൻപേ ജനവാസ മേഖലകളിലേക്ക് കാട്ടുമൃഗങ്ങൾ ഇറങ്ങുന്നു
മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചു വരുന്ന സ്ഥിതിയുണ്ട്. കാട്ടാനകൾക്ക് പുറമെ കാട്ടുപോത്തുകളും ജനവാസ മേഖലയിൽ ഭീതി പടർത്തുന്നു. ഇന്നലെ വൈകുന്നേരത്തോടെ മൂന്നാർ ടൗണിൽ കാട്ടുപോത്തിറങ്ങി. കാട്ടുപോത്ത് സമീപത്തെ കടയിൽ പ്രവേശിക്കാൻ ഒരുങ്ങിയപ്പോൾ കടയുടമ ഷട്ടർ അടച്ചത് കൊണ്ട് കാട്ടുപോത്ത് പിൻവാങ്ങുകയായിരുന്നു.
ജി എച്ച് റോഡിലൂടെയായിരുന്നു കാട്ടുപോത്ത് ടൗണിലേക്കെത്തിയത്. കാട്ടുപോത്ത് ടൗണിലെത്തിയതോടെ ആളുകൾ ഭയന്നോടി.പിന്നീട് പ്രദേശവാസികളും വനപാലകരും ചേർന്ന് കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തി.കഴിഞ്ഞ ഞായറാഴ്ച്ച മൂന്നാറിൽ തോട്ടം ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിക്ക് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരിക്ക് സംഭവിച്ചിരുന്നു. വേനൽ കനക്കുന്നതോടെ തോട്ടം മേഖലയിൽ കാട്ടുമൃഗ ശല്യം വർധിക്കുമോയെന്ന ഭീതിയിലാണ് തൊഴിലാളി കുടുംബങ്ങൾ.