ചിന്നക്കനാലിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു
ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ചിന്നക്കനാലിൽ പോലീസിന്റെ സാന്നിധ്യമില്ലാത്തത് ക്രമസമാധാനപാലനത്തിന് വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസമാണ് ഇടുക്കി സൂര്യനെല്ലിയിൽ ബാങ്ക് ജീവനക്കാരന്റെ വീട്ടിൽ നിന്ന് 16 പവനോളം സ്വർണം മോഷ്ടിച്ചത്. മിക്ക ദിവസങ്ങളിലും ചിന്നക്കനാലിൽ അടിപിടി കേസുകളും ഉണ്ടാകാറുണ്ട്. രാത്രികാലങ്ങളിൽ നാട്ടുകാർക്കും സഞ്ചാരികൾക്കും പൊതു നിരത്തിലൂടെ സ്വൈരമായി സഞ്ചരിക്കാൻ കഴിയണമെങ്കിൽ ഇവിടെ സ്ഥിരമായി പൊലീസിന്റെ സാന്നിധ്യം വേണമെന്ന് നാട്ടുകാർ പറയുന്നു.
20 കിലോമീറ്ററോളം അകലെയുള്ള ശാന്തൻപാറ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ചിന്നക്കനാൽ പഞ്ചായത്ത് ഉൾപ്പെടുന്നത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതികൾ സ്ഥലം വിട്ടിരിക്കും. മുൻപ് സ്ഥിരമായി രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണിത്. അക്കാലത്ത് താൽക്കാലിക പൊലീസ് ഔട്ട് പോസ്റ്റ് ഉണ്ടായിരുന്നു. പൊലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും സ്ഥിരം സാന്നിധ്യമില്ലാത്തതിനാൽ ചിന്നക്കനാൽ മേഖലയിൽ ഗതാഗത നിയമലംഘനങ്ങളും പതിവാണ്.