ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലക്ക് വനം വകുപ്പിൻ്റെ നടപടികൾ തിരിച്ചടിയാകുന്നതായി ആക്ഷേപം
കാട്ടാനകൾക്ക് ശല്യമാകുമെന്ന പേരിൽ ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് തടഞ്ഞതിന് പിന്നാലെ സീപ്ലെയ്ൻ പദ്ധതിയെയും വനം വകുപ്പ് എതിർക്കുന്നതാണ് പ്രതിഷേധം ഉയർത്തുന്നത്.അരിക്കാെമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയനുസരിച്ചാണ് 2023 ജൂലൈ 14 ന് ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചത്.
ആനയിറങ്കൽ മേഖലയിലെ കാട്ടാനകളുടെ സ്വൈരവിഹാരത്തിന് ബോട്ടിങ് വിഘാതം സൃഷ്ടിക്കുന്നുവെന്നായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.ബോട്ടിങ് പുനരാരംഭിക്കുന്നതിൽ കോടതി അന്തിമ തീരുമാനമെടുക്കാത്തത് മൂലം ഹൈഡൽ ടൂറിസം വിഭാഗത്തിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ആനയിറങ്കൽ ജലാശയത്തിന്റെ 10% സ്ഥലം മാത്രമാണ് ബോട്ടിങ്ങിന് ഉപയോഗിക്കുന്നത്.
2 സ്പീഡ് ബോട്ടുകൾ, ഒരു പൊൻ്റൂൺ ബോട്ട്, 4 പെഡൽ ബോട്ടുകൾ, 7 കുട്ടവഞ്ചികൾ, 10 കയാക്കിംഗ് വഞ്ചികൾ എന്നിവയാണ് ആനയിറങ്കലിൽ സർവീസ് നടത്തിയിരുന്നത്. ബോട്ടിങ് നിർത്തിയതോടെ ആനയിറങ്കൽ ജലാശയം സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ആനയിറങ്കലിന് പിന്നാലെയാണ് സീപ്ലെയിൻ പദ്ധതിക്ക് എതിരെയും വനം വകുപ്പ് രംഗത്തെത്തിയത്. ഇത്തരം നിലപാട് തുടർന്നാൽ ഇടുക്കിയിലെ വിനോദ സഞ്ചാര പദ്ധതികൾ എല്ലാം നിർത്തി വയ്ക്കേണ്ടി വരും എന്ന ആശങ്കയാണ് ഉയരുന്നത്.