മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ കല്ലാര്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപം കാട്ടാനകളുടെ സാന്നിധ്യം പതിവാകുന്നു
മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ കല്ലാറിലുള്ള മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപമാണ് പകല്‍ സമയത്തു പോലും കാട്ടാനകളുടെ സാന്നിധ്യമുണ്ടാകുന്നത്.മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പയായിരുന്നു ഈ മേഖലയില്‍ ചുറ്റിത്തിരിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയടക്കം ഈ പ്രദേശത്തേക്കെത്തുന്നു.പകല്‍ സമയത്തു പോലും പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചതോടെ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളടക്കം ആശങ്കയിലാണ്.
മുമ്പ് കേന്ദ്രത്തിന് സമീപം കാട്ടാന ആക്രമണം ഉണ്ടാവുകയും രണ്ട് പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തിരുന്നു.ഗുരുതര പരിക്കേറ്റ ഒരാൾ ഇപ്പോഴും ചികിത്സയിലാണ്.മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ എത്തുന്ന കാട്ടാനകള്‍ കൂടി കിടക്കുന്ന മാലിന്യം ഭക്ഷിക്കുന്നതും പതിവാണ്.പ്ലാസ്റ്റിക് മാലിന്യവും ആനകൾ ഭഷികുന്നുണ്ട്.മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിനുള്ളിലേക്ക് കാട്ടാനകള്‍ എത്താതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം മുമ്പ് വനംവകുപ്പ് മുമ്പോട്ട് വച്ചിരുന്നു.
വേനല്‍ കനക്കുന്നതോടെ തീറ്റ തേടി കൂടുതല്‍ ആനകള്‍ കേന്ദ്രത്തിന് സമീപത്തേക്കെത്തിയാല്‍ അത് പ്രതിസന്ധിക്ക് ഇടയാക്കും.ആനകളെ ഈ പ്രദേശത്തു നിന്നും തുരത്തണമെന്നും കാട്ടാനകള്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്ന പ്രദേശത്തേക്കെത്താതിരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.