ചിന്ന ചിന്ന ആശൈ പദ്ധതിയിൽ പങ്കാളികളായി മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ
ജില്ല കളക്റ്റർ , ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികൾക്കു ശിശുദിനത്തിൽ നൽകുന്ന സമ്മാന പദ്ധതിയായ ചിന്ന ചിന്ന ആശൈ പദ്ധതിയിൽ പങ്കാളികളാകുകയാണ് മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ . ഞായറാഴ്ചത്തെ ദിനപത്രങ്ങളിൽ കളക്ടറുടെ ഈ പദ്ധതിയെ കുറിച്ച് വാർത്ത കണ്ട സോഷ്യൽ സർവീസ് സ്കീം കോ ഓർഡിനേറ്റർ ലിൻസി ജോർജ് ,സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും യോഗം അന്നുതന്നെ വിളിച്ചു ചേർത്ത് പദ്ധതിയെക്കുറിച്ചു വിശദികരിച്ചു.
വിദ്യാർത്ഥികളും രക്ഷിതാക്കളും പിടിഎ പ്രസിഡന്റുമെല്ലാം ഏകമനസോടെ സമ്മാനങ്ങൾ നൽകാമെന്ന് സമ്മതിക്കുകയും ജില്ലയിലെ ഏഴു സ്ഥാപനങ്ങളിലെ ഇരുപത്തിരണ്ട് കുട്ടികൾക്ക് സമ്മാനങ്ങൾ വാങ്ങി നൽകുകയുമാണ് ചെയ്തത് . ഫുട്ബോളുകൾ , വോളിബോൾ, മെയ്ക്കപ്പ് സെറ്റ്, സ്കൂൾ കിറ്റ് , ഷട്ടിൽ ബാറ്റുകൾ സ്മാർട്ട് വാച്ചുകൾ, പസിൽസ് , വർണ്ണ കുടകൾ തുടങ്ങിയ സമ്മാനങ്ങളാണ് ഇവർ കളക്ടറേറ്റിൽ എത്തിച്ചു നൽകിയത് .
സമ്മാനങ്ങൾ ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി ഐ എ എസ് ന് സ്കൂൾ സർവീസ് സ്കീം കോ ഓർഡിനേറ്റർ ലിൻസി ജോർജ് കൈമാറി.പരിപാടികൾക്ക് പ്രിൻസിപ്പാൾ കെ എൽ സുരേഷ് കൃഷ്ണൻ,ഹെഡ്മാസ്റ്റർ എസ്. മുനിസ്വാമി, പിടിഎ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി, വിദ്യാർത്ഥികളായ ആതിര അനീഷ് ,അനന്യ രാജീവ് കുമാർ ,ജിഷ്ണു കെ ശിവൻ ,ആദിത്യ സാബു ആന്മരിയ ജെയ്‌മോൻ എന്നിവർ നേതൃത്വം നൽകി.