രാമക്കൽമേട് വണ്ണപ്പുറം സംസ്ഥാനപാതയുടെ അടുത്ത റീച്ച് പണികൾ ആരംഭിക്കണം; കേരള കോൺഗ്രസ് എം എഴുകുംവയൽ സെൻട്രൽ കമ്മിറ്റി
എറണാകുളവും തമിഴ്നാടുമായി കുറഞ്ഞ ദൂരത്തിൽ ബന്ധപ്പെടുവാൻ ഉപകരിക്കുന്നതും മലയോരമേഖലകളുടെ വികസനത്തിന് വഴിതെളിക്കുന്നതുമായ രാമക്കൽമേട് വണ്ണപ്പുറം സംസ്ഥാനപാതയുടെ ആദ്യത്തെ റീച്ച് കമ്പംമെട്ട് മുതൽ ആശാരി കവല വരെയുള്ള പണികൾ ഏതാണ്ട് പൂർത്തിയായി വരികയാണ്. എന്നാൽ ഇതിൻറെ അടുത്ത റീച്ചിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടില്ല.
എഴു കുംവയൽ മുതൽ ചേലച്ചുവട് വരെയുള്ള അടുത്ത റീച്ചിന്റെ പണികൾ ആരംഭിക്കുന്നതിനുള്ള മേൽനടപടികൾ ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് എഴുകുംവയൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. മലയോര കാർഷിക മേഖലകളുടെ സമഗ്രമായ വളർച്ചയ്ക്ക് വഴിതെളിക്കുന്ന പാതയാണിത്. രാമക്കൽമേട് മുതൽ ആശാരി കവല വരെയുള്ള സംസ്ഥാനപാതയുടെ പണികൾ നല്ല രീതിയിലാണ് പൂർത്തിയായി വരുന്നത്.
സംസ്ഥാനത്തെ അവികസിത മേഖലകളായ എഴുകുംവയൽ മുതൽ ചേലച്ചുവട് വരെയുള്ള ഗ്രാമീണ മേഖലകളുടെ ഉന്നമനത്തിനും കാർഷിക മേഖലകളുടെ വളർച്ചയ്ക്കും ഗതാഗത വികസനത്തിനും വഴിതെളയ്ക്കുന്ന ഈ പാത ഉടമ്പൻചോല, ഇടുക്കി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ഉടുമ്പൻചോല എം എൽ എ - എം എം മണിയുടെ വികസന കാഴ്ചപ്പാടാണ് ഈ പാതയുടെ നിർമ്മാണത്തിന് വഴിതെളിച്ചത്.
അവികസിത ഗ്രാമീണ കാർഷിക വ്യാപാര മേഖലകളുടെ ഉന്നമനത്തിന് വഴിതെളിക്കുന്നതും തമിഴ്നാട്ടിൽ നിന്നും തുറമുഖ പട്ടണം ആയ കൊച്ചിയിൽ എളുപ്പമാർഗത്തിൽ എത്തിച്ചേരുവാൻ ഉപകരിക്കുന്നതുമായ കമ്പംമെട്ട് -വണ്ണപ്പുറം സംസ്ഥാനപാതയുടെ രണ്ടാമത്തെ റീച്ചിന്റെ നിർമ്മാണത്തിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നും സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജോണി പുതിയ പറമ്പിൽ, തോമസ് വെച്ചൂർ ചെരുവിൽ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീമി ലാലിച്ചൻ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജൈനമ്മ ബേബി എന്നിവർ ആവശ്യപ്പെട്ടു.