വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തീ പാറും പോരാട്ടം; ആര് വാഴും, ആര് വീഴും
കട്ടപ്പന മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മറ്റൊരിക്കലും ഉണ്ടാകാത്ത ആവേശമാണ് ഇത്തവണ. രണ്ടു പതിറ്റാണ്ടിലധികം കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷനെ നയിച്ച അഡ്വക്കേറ്റ് എം കെ തോമസ് പടിയിറങ്ങുമ്പോൾ ആരാകും പുതിയ പ്രസിഡൻറ്. ഈ ചോദ്യത്തിന് ഉത്തരം തേടുന്നത് കട്ടപ്പനയിലെ വ്യാപാരികൾ മാത്രമല്ല പൊതുസമൂഹം കൂടിയാണ്. കേജീസ് ജ്വല്ലറി ഉടമ സാജൻ ജോർജും സിബി കൊല്ലംകുടിയും തമ്മിലാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരം.
14 വർഷം ട്രഷററായി കട്ടപ്പന മർച്ചൻസ് അസോസിയേഷനെ നയിച്ച അനുഭവസമ്പത്തുമായാണ് സാജൻ ജോർജ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഇത്തവണ മത്സരിക്കുന്നത്. അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ് എതിരാളിയായ സിബി കൊല്ലംകുടി. കട്ടപ്പനയിലെ വ്യാപാരി നേതാക്കൾ രണ്ടു ചേരിയായി കഴിഞ്ഞു. രണ്ടു സ്ഥാനാർത്ഥികൾക്ക് ഒപ്പം പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ട്. സോഷ്യൽ മീഡിയയിലും പ്രചരണം തകൃതിയായി നടക്കുന്നു.
ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ആയിരത്തോളം വരുന്ന വ്യാപാരികൾ വിധി നിർണയിക്കും. കട്ടപ്പന മർച്ചൻസ് അസോസിയേഷനിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്. ആരോപണ പ്രത്യാരോപണങ്ങൾക്ക് ഒരു ക്ഷാമവും ഇല്ലാത്ത പ്രചരണ കാലമാണ് കടന്നുപോയതെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം ആരൊക്കെ വീഴും ആരൊക്കെ വാഴും എന്നത് കണ്ടുതന്നെ അറിയണം.
പ്രസിഡൻറ്മാർ വയ്ക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി പാനൽ ഏകമായി അംഗീകരിക്കുന്നതാണ് പതിവെങ്കിലും ഇത്തവണ എതിർ ശബ്ദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും ഭാരവാഹികൾക്ക് വേണ്ടിയും തെരഞ്ഞെടുപ്പ് നടന്നാലും അത്ഭുതപ്പെടാനില്ല. എന്തായാലും രണ്ട് പ്രമുഖരുടെ പോരാട്ടം കട്ടപ്പനയിൽ ഒരു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആവേശത്തിനും മേലെയാണ്.