ഇടുക്കി ആനവിലാസത്ത് വ്യാപാരികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി മോഷണ പരമ്പര
ഇന്നലെ അർദ്ധരാത്രിയോടെയാണ് ആനവിലാസം ടൗണിൽ പ്രവർത്തിക്കുന്ന 3 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. സിബു മോൻ തോപ്പിലിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, സിനി മോൾ കുര്യൻറെ തയ്യൽക്കട, അപ്പുണ്ണി സ്റ്റേഷനറി സ്റ്റോഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. 50,000 രൂപയിൽ അധികം മോഷ്ടിക്കപ്പെട്ടതായി കടയുടമ സിബു മോൻ പറഞ്ഞു.
തയ്യൽ കടയിൽ നിന്നും 5000 ത്തോളം രൂപയും അപ്പുണ്ണി സ്റ്റേഷനറി ഷോപ്പിൽ നിന്നും പതിനായിരം രൂപയോളം ആണ് മോഷ്ടിക്കപ്പെട്ടത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് വ്യാപാരി വ്യവസായി ഭാരവാഹികളുടെ നേതൃത്വത്തിൽ കുമളി പോലീസിനെ വിവരം അറിയിക്കുകയും പോലീസിന്റെ നിർദ്ദേശപ്രകാരം കടയിൽ കയറി പരിശോധിക്കുകയും ആയിരുന്നു. തുടർന്ന് പോലീസ് സംഘത്തിൻറെ പരിശോധന നടത്തി. ശാസ്ത്രീയ പരിശോധക സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഒരു വർഷത്തോളം മുമ്പ് ഇവിടെ മലഞ്ചരക്ക് കടയിലും മൊബൈൽ ഷോപ്പിലും മോഷണം നടന്നിരുന്നു. എന്നാൽ ഈ സംഭവങ്ങളിൽ മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ശക്തമായ അന്വേഷണം നടത്തി മോഷ്ടാക്കളെ പിടികൂടുകയും അതോടൊപ്പം ആനവിലാസം മേഖലയിൽ പോലീസ് രാത്രികാല പട്രോളിങ് നടത്തുകയും ചെയ്യണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.