വീടുകളില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; പണം തിരികെ ലഭിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കുത്തിയിരുപ്പ് സമരം നടത്തി കുടുംബശ്രീ അംഗങ്ങൾ
2023 സെപ്റ്റംബറിലാണ് മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളില്‍ ചോറ്റാനിക്കര സ്വദേശിയായ യുവാവ് തട്ടിപ്പ് നടത്തി മുങ്ങിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ 25,000 മുതല്‍ 8 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ ഇയാള്‍ക്ക് നിര്‍മിച്ചു നല്‍കിയിരുന്നു.കൊച്ചി കടവന്ത്രയില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള എക്‌സ്‌പോര്‍ട്ട് കമ്പനി വഴി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ കയറ്റുമതി നടത്തി മുതലും ലാഭവും നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്.
ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പണം തിരികെ ലഭിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ പഞ്ചായത്തിന് മുമ്പിലെ കുത്തിയിരിപ്പ് സമരം.26 മണിക്കൂര്‍ നീളുന്ന പരിശീലന ക്ലാസിനു മാത്രം 15000 രൂപയായിരുന്നു ഇയാള്‍ ഈടാക്കിയിരുന്നത്. കുടാതെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ഉണ്ടാക്കിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉല്‍പന്നങ്ങളും ഇയാള്‍ വാങ്ങി മുതലോ ലാഭമോ നല്‍കാതെ തട്ടിപ്പു നടത്തുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരും സാധാരണക്കാരുമായിരുന്നു തട്ടിപ്പിനിരയായത്.