കുട്ടിക്കാനം പള്ളിക്കുന്നിൽ യുവാവ് കൊല്ലപ്പെട്ടത് ബന്ധുക്കളുടെ കൺമുന്നിലെന്ന് പൊലീസ് കണ്ടെത്തി
കുട്ടിക്കാനം പള്ളിക്കുന്ന് വുഡ് ലാൻസ് എസ്റ്റേറ്റിനു സമീപം യുവാവ് കൊല്ലപ്പെട്ടത് സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ ആക്രമത്തിൽ.പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ (29 ) കൊല്ലപ്പെട്ടത് ഉറ്റ ബന്ധുക്കളുടെ കൺമുന്നിലെന്ന് പൊലീസ് കണ്ടെത്തി.
കസ്റ്റഡിയിലുള്ളവരുടെ മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് രാത്രി വൈകിയും അവസാന പ്രതിപ്പട്ടികയ്ക്കു രൂപം നൽകാൻ പോലീസിനു കഴിഞ്ഞിട്ടില്ല.വിപിൻ്റെ സഹോദരി വിനീതയുടെ മകളുടെ പിറന്നാൾ ആഘോഷിക്കാൻ കുടുബാംഗങ്ങൾക്കു പുറമേ വിനീതയുടെ പുരുഷ സുഹൃത്തുക്കൾ ഉൾപ്പെടെ എത്തിയിരുന്നു.ഇവിടെ വച്ചു വിപിനും സഹോദരിയും തമ്മിൽ ഉണ്ടായ തർക്കത്തിനിടെ വിപിൻ കൂര മർദനത്തിന് ഇരയാകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
നാഭിക്കു ചവിട്ടേറ്റു വീണ വിപിൻ്റെ തലയ്ക്കു അടിയേറ്റതോടെ മരണ സംഭവിക്കുകയായിരുന്നു. ഈ സമയം പിതാവും, അമ്മാവനും ഉൾപ്പെടെയുള്ളവർ വീട്ടിൽ ഉണ്ടായിരുന്നു.എന്നാൽ ക്രൂരമർദനം മറച്ചു വച്ചു വിപിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിൽ മരണം സംഭവിച്ചു എന്ന് വ്യക്തമാക്കിയതോടെ വീട്ടിലെ ശുചിമുറിയിൽ കാവിമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നായിരുന്നു ഡോക്ടർക്ക് ബന്ധുക്കൾ മൊഴി നൽകിയിരുന്നത്.
യുവാവ് മരിച്ചുകിടന്ന വീട് പരിശോധിച്ച ശേഷം പൊലീസ് ഇതു അടച്ചു പൂട്ടി സീൽ ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധിച്ചു. കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിബിൻ ബാബു ദീപാവലി അവധി പ്രമാണിച്ചാണ് വീട്ടിൽ എത്തിയത്.