കട്ടപ്പന പാറക്കടവിലെ എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ചയാളെ കട്ടപ്പന പോലീസ് പിടികൂടി
ശാന്തംപാറ സ്വദേശിയും പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ എസ് ആർ ഹൗസിൽ സ്റ്റാൻലിയെ ആണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം പതിനഞ്ചാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് .കട്ടപ്പന പാറക്കടവിൽ ഉള്ള കേജിസ് എസ്റ്റേറ്റിൽ നിന്നും സ്റ്റോറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കായാണ് മോഷണം പോയത്.
തുടർന്ന് ഉടമ കട്ടപ്പന പോലീസിൽ പരാതി നൽകി.ഇതിൻ്റെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ പ്രദേശത്തെ സിസിടിവി ക്യാമറ അടക്കം പോലീസ് പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിനുശേഷം സ്റ്റാൻലിയെ കാണാതായെന്ന് വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് സ്റ്റാൻലിയുടെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിൽ ഏലക്ക കണ്ടെത്തുകയായിരുന്നു .ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആണ് വഴിത്തിരിവായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വണ്ടൻമേട് ഭാഗത്ത് വച്ച് ഇയാളെ പിന്നീട് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണം വിവരം ഇയാൾ പോലീസിനോട് പറഞ്ഞത്.ഇയാളോടൊപ്പം മറ്റു രണ്ടു പേരും മോഷണത്തിൽ പങ്കാളികളാണ്. ഇവർ ഒളിവിലാണ്.
സ്റ്റാൻലി മോഷണ മുതൽ കൊച്ചറ , അണക്കര എന്നിവിടങ്ങളിലെ 5 മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ ചില്ലറയായി വില്പന നടത്തി. ഇതിനുശേഷം ഈ പൈസ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരുടെ അക്കൗണ്ടിലേക്ക് ഇട്ടു. ബാക്കി ഉണ്ടായിരുന്ന ഏലക്ക സ്റ്റാലിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നു. കട്ടപ്പന പോലീസ് ഇന്ന് അണക്കരയിലെയും കൊച്ചറയിലെയും കടകളിൽ നടത്തിയ തെളിവെടുപ്പിൽ വിറ്റ കായ്കൾ കണ്ടെത്തി. മോഷണം പോയ മുഴുവൻ ഏലക്കായും തിരിച്ചു കിട്ടിയതായി പോലീസ് പറഞ്ഞു.
കട്ടപ്പന എസ്പി രാജേഷ്കുമാറിൻ്റെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ മുരുകൻ ടി സി . എസ് ഐ മാരായ എബി ജോർജ്. ബിജു ബേബി . ബെർട്ടിൻ ജോസ് .എ എസ് ഐ .ടെസി മോൾ ജോസഫ് .സി പി ഓ മാരായ സനീഷ് . റാൾസ് സെബാസ്റ്റ്യൻ .രമേശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണ മുതൽ വിൽക്കാൻ കൊണ്ടുപോയ വാഹനവും പോലീസ് കസ്റ്റഡി എടുത്തിട്ടുണ്ട്.