മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ) കുമളി മേഖലയുടെ ആഭിമുഖ്യത്തിൽ ഉത്സവ് 2k24 എന്ന പേരിൽ മേഖല കലോത്സവം നടത്തി

മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ) കുമളി മേഖലയുടെ ആഭിമുഖ്യത്തിൽ ഉത്സവ് 2കെ24 എന്ന പേരിൽ മേഖലാ കലോത്സവം നടത്തി. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത മത്സരത്തിൽ മന്തിപ്പാറ യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ചക്കുപള്ളം, നെറ്റിത്തൊഴു യൂണിറ്റുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. ചക്കുപള്ളം മേരിമാതാ പബ്ലിക് സ്ക്കൂളിൽ വച്ച് നടന്ന കലോത്സവം സാംസ്ക്കാരിക വകുപ്പ് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ എസ്.സൂര്യലാൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് ജോമോൻ താന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല അതിരൂപത വികാരി ജനറൽ മോൺ. വർഗീസ് മരുതൂർ അനുഗ്രഹ പ്രഭാഷണം നടത്തി. മേഖല വൈദീക സംഘം സെക്രട്ടറി ഫാ.ജോൺ പടിപ്പുരക്കൽ സമ്മാനദാനം നിർവഹിച്ചു. ഭാരവാഹികളായ ഫാ.ബഞ്ചമിൻ വാഴയിൽ, ഫാ.സാം ഒറ്റക്കല്ലുങ്കൽ, റോമി വെള്ളാമ്മേൽ, അനിൻ വലിയപറമ്പിൽ, ആൻസി ബിജു, സിനി സുമേഷ്, റോയി മധുരത്തിൽ, സാബു ഇടത്തുംപടി എന്നിവർ നേതൃത്വം നൽകി.