കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം; കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ കേരളപ്പിറവി ദിനത്തിൽ ഉപവസിക്കും

ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ഇടുക്കി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തി അടിയന്തിരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനമായ നവംബർ മാസം ഒന്നാം തീയതി കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ ഇരുപതേക്കറിൽ ഉപവാസം അനുഷ്ടിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നടത്തുന്ന രണ്ടാം ഘട്ട സമരമായാണ് ഉപവാസം നടത്തുന്നത്. നേരത്തെ ആശുപത്രി പരിസരത്ത് ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി ഗവൺമെന്റ്റിന് നിവേദനം നൽകിയിരുന്നു.
നാലായിരത്തിൽപരം ഒപ്പുകൾ ശേഖരിച്ച് ഈ ഒപ്പുകൾ അടങ്ങിയ നിവേദനം ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ഡി.എം.ഒ. ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്‌റ്റിൻ എന്നിവർക്ക് നൽകിയിരുന്നു. എന്നിട്ടും അ നുകൂലമായ നടപടികൾ ഉണ്ടാകാത്തതിനാലാണ് വീണ്ടും സമരം ആരംഭിക്കുന്നത്.ആശുപത്രിയിൽ ആകെ പന്ത്രണ്ട് ഡോക്ടർമാരുടെ തസ്‌തികകളാണ് വേണ്ടതെങ്കിലും അതിൽ പകുതിപേരുടെ സേവനം ലഭ്യമല്ല.
രണ്ട് പീഡിയാട്രീഷ്യന്മാരുടെ തസ്‌തിക ഉണ്ടെ ങ്കിലും ഒരാളുടെപോലും സേവനം ലഭിക്കുന്നില്ല ഓപ്പറേഷൻ തീയേറ്റർ ഉണ്ടെങ്കിലും അന സ്തേഷ്യ ഡോക്ടർ ഇല്ലാത്തതിനാൽ ഓപ്പറേഷനുകൾ നടത്താൻ സാധിക്കുന്നില്ല. ദിവസേന അഞ്ഞൂറിൽപരം രോഗികൾ എത്തുന്ന ഈ ഹോസ് പിറ്റലിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികളെ ഏറെ വലക്കുകയാണ്.
ഹൈറേഞ്ച് മേഖലയിലെ ആരോ ഗ്യരംഗത്ത് സാധാരണക്കാരായ ആളുകൾക്ക് സഹായമേകാനാണ് 2015 കാലഘട്ട ത്തിൽ അന്നത്തെ യു.ഡി.എഫ് ഗവൺമെൻ്റ് ഇരുപതേക്കർ സി.എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ തുടർന്ന് വന്ന എൽ.ഡി.എഫ് ഗവൺമെൻ്റ് ഈ ആശുപത്രിയെ അവഗണിക്കുന്ന നിലപാടാണ് അന്നുമുതൽ സ്വീകരിച്ചുവരുന്നത്.
ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കുന്നതുവരെ കോൺഗ്രസ് പാർട്ടി ഏറ്റെടുത്തിരിക്കുന്ന സമര പോരാട്ടം തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.നവംബർ ഒന്നാം തീയതി രാവിലെ 9.30 ന് ആരംഭിക്കുന്ന ഉപവാസ സമരം എ.ഐ.സി.സി അംഗം അഡ്വ. ഇ. എം. ആഗസ്‌തി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ, കട്ടപ്പന മണ്ഡലം പ്രസിഡന്റ്റ് സിജു ചക്കുംമൂട്ടിൽ, കാഞ്ചിയാർ മണ്ഡലം പ്രസിഡൻ്റ് അനീഷ് മണ്ണൂർ, ബ്ലോക്ക് ഭാരവാഹികളായ ഷാജി വെള്ളംമാക്കൽ, ജോമോൻ തെക്കേൽ, ജവഹർ ബാലഞ്ച് ബ്ലോക്ക് പ്രസി.കെ എസ്. സജീവ് എന്നിവർ പങ്കെടുത്തു.