ഇടുക്കി മറയൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് ചന്ദനം കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ

ഇടുക്കി മറയൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് ചന്ദനം കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ. കാന്തല്ലൂർ സ്വദേശികളായ പഴനിസ്വാമി, സുരേഷ്, ഭഗവതി, രാമകൃഷ്ണൻ എന്നിവരാണ് പിടിയിലായത് .സംഘത്തെ പിടികൂടുന്നതിനിടയിലുണ്ടായ സംഘർഷത്തിൽ രണ്ട് വാച്ചർമാർക്ക് പരുക്കേറ്റു. തമിഴ്നാട് ഉടുമൽപേട്ടയിലെ ചന്ദന ലോബിയ്ക്ക് നൽകുന്നതിനയാണ് പ്രതികൾ മറയൂരിൽ നിന്ന് 19 കിലോ തൂക്കം വരുന്ന ചന്ദന തടികൾ മോഷ്ടിച്ചത്.
ചന്ദനം മുറിയ്ക്കുന്നതിൽ വിദഗ്ദ്ധരായ പ്രതികളെ ചന്ദന ലോബി, ചന്ദനം കടത്തുന്നതിനായി നിയോഗിക്കുകയായിരുന്നു. ഒരുകിലോ ചന്ദനത്തിന് ഇവർക്ക് 900 രൂപ കിട്ടുമെന്നാണ് ഇവർ വനപാലകർക്ക് മൊഴി നൽകിയത്.ബസ് മാർഗമാണ് ഇവർ തമിഴ്നാട്ടിലേക്ക് ചന്ദനം കടത്താൻ ശ്രമിച്ചത്.
ബസ് കാത്ത് നിൽക്കുന്നതിനിടെ ആയിരുന്നു വനപാലകർ ഇവരെ പിടികൂടിയത്. ഇതിനിടെ പ്രതികൾ വനപാലകരെ ആക്രമിച്ചു രക്ഷ പെടാൻ ശ്രമിച്ചു. വാച്ചർമാരായ ചട്ടമൂന്നാർ സ്വദേശി മുനിയാണ്ടി, പള്ളനാട് സ്വദേശി പ്രദീപ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്തംബർ 19 ന് മറയൂർ പുളിക്കര വയൽ മേഖലയിൽ നിന്നാണ് ഇവർ ചന്ദനം മുറിച്ചത്.