മൂന്നാര്‍ ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുന്നു

മൂന്നാര്‍ ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുകയാണ്.പഴയ മൂന്നാര്‍, ബൈപാസ് പാലം, ദേശീയപാതയോരം, ആര്‍ഒ കവല, പോസ്റ്റ് ഓഫിസ് കവല എന്നിവിടങ്ങളിലെ ഇരുപതിലേറെ പെട്ടിക്കടകളാണ് ഒഴിപ്പിച്ചത്. ആര്‍ഒ കവലയിലെ ചില വഴിയോര കച്ചവടക്കാര്‍ കോടതി ഉത്തരവു സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്തെ പതിനഞ്ചിലേറെ കടകള്‍ ഒഴിപ്പിക്കുന്നത് തല്‍ക്കാലം ഉദ്യോഗസ്ഥര്‍ ഉപേക്ഷിച്ചു
.ഒഴിപ്പിക്കലിനെതിരെ വഴിയോര കച്ചവടക്കാര്‍ പ്രതിഷേധവുമായെത്തുന്നുണ്ടെങ്കിലും പ്രതിഷേധം മറികടന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നത്.വരും ദിവസങ്ങളിലും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരും.ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് സെക്രട്ടറി സബ് കലക്ടറുമായി ബന്ധപ്പെട്ടെങ്കിലും ഒഴിപ്പിക്കല്‍ തുടരാന്‍ നിര്‍ദേശം നല്‍കി.
ഇതോടെയാണ് പോസ്റ്റ് ഓഫിസ് കവലയിലെ പെട്ടിക്കടകളും ഒഴിപ്പിച്ചത്. മൂന്നാര്‍ ഡിവൈഎസ്പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് കാവലിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും അനധികൃതവഴിയോരവില്‍പ്പനശാലകള്‍ പെരുകുന്നുവെന്നും ഇത് പൊളിച്ച് നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്.