വൈദ്യുതി മന്ത്രിയുടെ പരാമർശം നിർഭാഗ്യകരം; 10 ചെയിൻ പട്ടയ വിതരണം ഊർജിതമാക്കണം: സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ

ജില്ലയിലെ പത്തു ചെയിൻ പ്രദേശത്ത് പട്ടയം സംബന്ധിച്ച വൈദ്യുതി മന്ത്രിയുടെ പരാമർശം ശരിയല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി ഉൾപ്പെടെയുള്ള 10 ചെയിൻ മേഖലകളിൽ കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി താമസിക്കുന്ന കൃഷിക്കാർക്കും സാധാരണക്കാരായ ജനങ്ങൾക്കും പട്ടയം നൽകുന്നതിനുള്ള സർവ്വെനടപടികൾ റവന്യു വകുപ്പ് പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്.
ഇതിനിടെയാണ്, 10 ചെയിൻ പ്രദേശത്ത് പട്ടയം നൽകാൻ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി കഴിഞ്ഞ ദിവസം ചിത്തിരപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ഒഴിവാക്കേണ്ടതും പുനപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.എം എം മണി വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കെ ആരംഭിച്ച പട്ടയ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി കൃഷിക്കാർക്ക് പട്ടയം നൽകണമെന്നതാണ് എൽഡിഎഫ് തീരുമാനം.
ഇതിൻ്റെ അടിസ്ഥാനത്തിൽ, മൂന്നു ചെയിൻ ഉൾപ്പെടെ 10 ചെയിൻ പ്രദേശത്ത് പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും ഇടുക്കിയിൽ വച്ച് ഉറപ്പ് നൽകിയിരുന്നു. സർവേ ഉൾപ്പെടെയുള്ള തുടർനടപടികളും ആരംഭിച്ചു. ഇതിനിടയിലാണ് വൈദ്യുതി മന്ത്രിയുടെ നിർഭാഗ്യകരമായ പരാമർശം.മുഖ്യമന്ത്രിയും റെവന്യൂ മന്ത്രിയും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൂന്നു ചെയിൻ ഉൾപ്പെടെയുള്ള 10 ചെയിൻ പ്രദേശത്തെ പട്ടയ വിതരണം ഊർജിതമാക്കണമെന്നും സലിം കുമാർ ആവശ്യപ്പെട്ടു.