സിഎച്ച്ആർ;സുപ്രീം കോടതി നിർദ്ദേശത്തിൽ ആശങ്ക വേണ്ട: സി പി ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ

സിഎച്ച്ആർ വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഇടക്കാല നിർദ്ദേശം സംബന്ധിച്ച് ഒരു ആശങ്കയും വേണ്ട. എക്കാലവും കർഷക വിരുദ്ധ നിലപാടുകൾ മാത്രം സ്വീകരിച്ചിട്ടുള്ള യുഡിഎഫും കോൺഗ്രസും ഇപ്പോൾ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.
സുപ്രീം കോടതിയിൽ നിന്ന് ഇപ്പോഴുണ്ടായിട്ടുള്ളത് ഇടക്കാല ഉത്തരവ് മാത്രമാണ്. കേസ് ഡിസംബറിൽ വീണ്ടും പരിഗണിക്കുമ്പോൾ അത് പുനഃപരിശോധിപ്പിക്കാൻ കഴിയും. സംസ്ഥാന സർക്കാരിനുവേണ്ടി ബുധനാഴ്ച വൈകിട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സുപ്രീം കോടതിയിൽ വീണ്ടും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഏലമല പ്രദേശം വനഭൂമിയല്ലെന്ന സർക്കാർ നിലപാട് അതിൽ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. സിഎച്ച്ആർ വനമല്ലെന്ന് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ചീഫ് സെക്രട്ടറി പി ജെ തോമസ് 2007 നവംബറിൽ നൽകിയ സത്യവാങ്മൂലത്തിന്റെ തുടർച്ചയായാണിത്.
1822 ലെ ഏലംകൃഷിക്കുവേണ്ടിയുള്ള വിജ്ഞാപനത്തിൽ കൃത്യമായ അളവ് പറയുന്നില്ല അതിരുകൾ മാത്രമാണ് പറയുന്നത്. ഇ. ചന്ദ്രശേഖരൻ മന്ത്രിയായിരുന്നപ്പോൾ സി.എച്ച് ആർ അളവുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്.നൂറ്റാണ്ടുകളായി കർഷകർ ഏലം കൃഷി ചെയ്യുന്ന ഈ പ്രദേശത്ത് വനംവകുപ്പിന് ഒരു അധികാരവുമില്ല. വനം വകുപ്പിൻ്റെ അവകാശവാദം അംഗീകരിക്കാൻ കഴിയില്ല.
എൽഡിഎഫും ഇടതുപക്ഷ സർക്കാരുകളും ഏലമല പ്രദേശം പൂർണമായും റവന്യു ഭൂമിയാണെന്നും വനഭൂമിയല്ലെന്നും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ അറിയിച്ചതും ഈ നിലപാട് തന്നെയാണ്. ആയിരക്കണക്കായ ഏലം കർഷകരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള ഏറ്റവും ശക്തമായ തീരുമാനമാണ് എൽഡിഎഫ്. സ്വീകരിച്ചിട്ടുള്ളത്.ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ കാലത്താണ് വ്യത്യസ്ത റിപ്പോർട്ടുകൾ നൽകി പ്രശ്നം സങ്കീർണ്ണമാക്കിയത് ഇത് കർഷകർ മറന്നിട്ടില്ല.എക്കാലവും ഇടുക്കിയിലെ കർഷകർക്കെതിരായ നിലപാടുകളാണ് അവർ സ്വീകരിച്ചിട്ടുള്ളതെന്നും സലിംകുമാർ പറഞ്ഞു.