പഠനയാത്രയ്ക്ക് പണം കണ്ടെത്താന്‍ കപ്പബിരിയാണി ചാലഞ്ചുമായി വണ്ടൻമേട് ആമയാര്‍ എംഇഎസ് വിദ്യാര്‍ഥികള്‍

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സംഘടനകളും കൂട്ടായ്മകളും പലവിധ മേളകളും ചാലഞ്ചുകളും നടത്തുന്നത് പതിവ് കാഴ്ചയാണെങ്കില്‍ സ്കൂളിലെ പഠനയാത്രയ്ക്ക് പണം കണ്ടെത്താന്‍ വേണ്ടി ഭക്ഷ്യമേള നടത്തി വേറിട്ട മാതൃക സ്വീകരിച്ചിരിക്കുകയാണ് ആമയാര്‍ എംഇഎസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ രണ്ടാം വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥികള്‍.
മറ്റെല്ലാ ക്ലാസുകളില്‍ നിന്നും സഹപാഠികള്‍ പഠനയാത്രയ്ക്ക് ഒരുങ്ങുന്പോള്‍ സാന്പത്തിക ബുദ്ധിമുട്ട് മൂലം എന്തുചെയ്യണമെന്ന് അറിയാതെ നിരാശരായ വിദ്യാര്‍ഥികളാണ് പണം കണ്ടെത്താനായി അധ്യാപകരുടെ പിന്തുണയോടെ സ്കൂളില്‍ കപ്പ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്. സ്കൂളിലെ കുട്ടികള്‍ക്കും സമീപത്തെ വീടുകളിലും തോട്ടങ്ങളില്‍ തൊഴിലെടുക്കുന്നുവര്‍ക്കും ഉള്‍പ്പെടെ ഭക്ഷ്യകൂപ്പണുകള്‍ മുന്‍കൂട്ടി വിതരണം ചെയ്താണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂളിലെ കാന്‍റീനില്‍ വച്ചു തന്നെ കപ്പബിരിയാണി പാകം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥികളും പിന്തുണയുമായി അധ്യാപകരും പിടിഎയും രംഗത്തിറങ്ങിയതോടെ മേള ഗംഭീര വിജയമായി. ഉദ്ദേശിച്ചതിലും മികച്ച പ്രതികരണമാണ് വിദ്യാര്‍ഥികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പരിപാടക്ക് ലഭിച്ചതെന്ന് ക്ലാസ് അധ്യാപകന്‍ ഷരീഫ് എ പറഞ്ഞു.
മറ്റുള്ള ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി സാന്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഹ്യൂമാനിറ്റീസ് ക്ലാസിലെ കുട്ടികള്‍ക്ക് പഠനയാത്രയ്ക്ക് വരുന്ന ഭീമമായ തുക വഹിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി അധ്യാപകരും ക്ലാസിലെ കുട്ടികളും മുന്നിട്ടിറങ്ങി മേള സംഘടിപ്പിക്കുകയായിരുന്നു. പരിപാടി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫിറോസ് സി എം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷൈന്‍ ജോസ്, ഷരീഫ് എ, അബ്ദുള്‍ റഷീദ് പി പി നേതൃത്വം നല്‍കി.