അടിമാലിയിൽ ദേശീയപാതയോരത്തെ അപകടാവസ്ഥയിലുള്ള മരം മുറിക്കാൻ കയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു

ദേശീയപാതയോരത്തെ അപകടാവസ്ഥയിലുള്ള മരം മുറിക്കാൻ കയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. മറയൂർ മേലാടി സ്വദേശി രാമറിൻ്റെ മകൻ സുരേഷ് കുമാർ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ വാളറക്കു സമീപം കല്ലത്താൻപടിയിലാണ് അപകടം നടന്നത്. മേഖലയിൽ ദേശീയപാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഇതിൻ്റെ ഭാഗമായി പാതയോരങ്ങളിലെ അപടസാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ തൃശൂർ സ്വദേശിക്ക് സബ് കോൺട്രാക്ട് നൽകിയിരുന്നു. ഇവരോടൊപ്പം ഇന്നലെ ആദ്യമായാണ് സുരേഷ് ജാേലിക്കെത്തിയത്. അപകടം നടന്നയുടൻ മറ്റ് തൊഴിലാളികൾ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും നാൾ മുൻപ് മറ്റൊരു ജോലിസ്ഥലത്തുവച്ചും മരത്തിൽ നിന്നും വീണ് ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ചികിത്സക്കു ശേഷം സമീപ നാളിലാണ് ജോലിക്ക് പോയി തുടങ്ങിയത്. രാമലക്ഷ്മിയാണ് മാതാവ്.