സംസ്ഥാനത്ത് പാതയോരങ്ങളിൽ അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ വർദ്ധിക്കുന്നു ; ബോര്‍ഡുകള്‍ നീക്കി പിഴ വാങ്ങാത്ത പക്ഷം കോടതിയലക്ഷ്യവും പിഴശിക്ഷാ നടപടിയുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്
സംസ്ഥാനത്ത് പാതയോരങ്ങളിൽ അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ വർദ്ധിക്കുന്നതായി ഹൈക്കോടതി. തദ്ദേശഭരണ സെക്രട്ടറിയടക്കമുള്ള അധികൃതരുടെ മൂക്കിന് താഴെയാണ് ഈ നിയമലംഘനം നടക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ബോര്‍ഡുകളില്‍ രാഷ്‌ട്രീയപാര്‍ട്ടികളും നേതാക്കളുമാണ് മുന്‍പന്തിയില്‍. മനോഹരവും ആസൂത്രിതവുമായി രൂപകല്പന ചെയ്ത നഗരങ്ങളിൽ നിന്ന് ഇത്തരം ശല്യങ്ങള്‍ നീക്കുകതന്നെ വേണം.
ബോര്‍ഡുകള്‍ നീക്കി പിഴ വാങ്ങാത്ത പക്ഷം കോര്‍പറേഷന്‍ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യവും പിഴശിക്ഷാ നടപടിയും സ്വീകരിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇതുവരെ എത്ര ബോര്‍ഡുകള്‍ നീക്കിയെന്നും എത്ര രൂപ പിഴയിട്ടെന്നും വ്യക്തമാക്കി കോര്‍പറേഷനുകൾ അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
ബോര്‍ഡുകള്‍ വെയ്ക്കുന്നവരില്‍ സര്‍ക്കാര്‍ വകുപ്പുകളും പിആര്‍ഡിയുമുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭരണ സംവിധാനങ്ങളുടെ പൂര്‍ണ പരാജയമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി പറഞ്ഞാല്‍ മാത്രം ബോര്‍ഡുകള്‍ നീക്കുന്ന രീതിയാണ്. വേലിതന്നെ വിളവ് തിന്നുന്നത് വിചിത്രവും അംഗീകരിക്കാനാകാത്തതുമാണ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അനധികൃത ബോര്‍ഡുകള്‍ ഏറെക്കുറെ മാറ്റിയെന്ന് സംസ്ഥാനത്തെ നഗരസഭകൾ അവകാശപ്പെട്ടെങ്കിലും എത്ര തുക ഈടാക്കിയെന്ന് കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. പല ഉത്തരവുകൾ ഇറക്കിയിട്ടും അനധികൃത ബോര്‍ഡുകള്‍ പഴയപടി തുടരുന്നതായും കോടതി നിരീക്ഷിച്ചു.