അടിച്ചു മോനേ..അൽത്താഫിന്; 25 കോടിയുടെ തിരുവോണ ബംപർ ‘ഭാഗ്യവാൻ’ കർണാടക സ്വദേശി
ഇത്തവണത്തെ തിരുവോണം ബംപർ 25 കോടി രൂപ പോയത് കർണാടകയിലേക്ക്. മലയാളി കാത്തിരുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ബംപർ അടിച്ചത്. പാണ്ഡ്യപുരയിൽ മെക്കാനിക്കാണ് അൽത്താഫ്.കഴിഞ്ഞ മാസം ബത്തേരിയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ഭാഗ്യക്കുറി എടുത്ത്.
15 വർഷമായി ടിക്കറ്റ് എടുക്കുന്നു. എന്നാൽ ആദ്യമായാണ് ടിക്കറ്റ് അടിക്കുന്നത്. ഓരോ തവണയും അടിക്കുമെന്ന് പറയുമെങ്കിലും അടിക്കാറില്ല. ടിക്കറ്റ് അടിച്ചുവെന്ന് ഇന്നലെ ബന്ധുക്കളോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. ടിവിയിൽ കാണിച്ച ടിക്കറ്റ് നമ്പറിന്റെ സ്ക്രീൻ ഷോട്ട് എടുത്തശേഷം ബന്ധുക്കളെ കാണിച്ചതോടെയാണ് വിശ്വസിച്ചത്. തുടർന്ന് വയനാട്ടിലുള്ള ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമാണ് അൽത്താഫിന്.
അൽത്താഫുമായി ഫോണിൽ സംസാരിച്ചുവെന്നും അഭിനന്ദങ്ങൾ അറിയിച്ചുവെന്നും അൽത്താഫ് ലോട്ടറിയെടുത്ത എൻജിആർ ലോട്ടറി ഏജൻസി ഉടമയായ നാഗരാജ് പറഞ്ഞു. അൽത്താഫിനെ നേരത്തേ പരിചയമില്ലെന്നും നാഗരാജ് പറഞ്ഞു. ബത്തേരി ഗാന്ധി ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ നിന്ന് വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംബർ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുമ്പ് ഇതേ കടയിൽ നിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു.