കാപ്പ നിയമ പ്രകാരം ജയിലിൽ കഴിഞ്ഞിരുന്നയാൾ ഇടുക്കിയിൽ കഞ്ചാവുമായി എക്സൈസ് പിടിയിലായി

തൊടുപുഴ സ്വദേശി ഷിൻസ് അഗസ്റ്റിനെയാണ് ഒന്നരക്കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പേരിൽ ഇതിനുമുമ്പും കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.തൊടുപുഴ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും വർദ്ധിച്ചു വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും പരിശോധന കർശനമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് തൊടുപുഴ സ്വദേശിയായ ഷിൻസ് അഗസ്റ്റിനെ എക്സൈസ് പിടികൂടിയത്.ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു.കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന പ്രതി ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷവും കഞ്ചാവ് കച്ചവടത്തിൽ ഏർപ്പെടുകയായിരുന്നു.
ഷിൻസിനെതിരെ പോലീസിലും എക്സൈസിലും ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായ ഇടുക്കിയിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ലഹരിവസ്തുക്കൾ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.