കോഴിക്കോട് തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടു മരണം

തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധിപ്പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിൽക്കുകയാണ്. ആളുകൾ വെള്ളത്തിൽ വീണുപോയിട്ടുണ്ടോ എന്നും തിരച്ചിൽ നടത്തുന്നുണ്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമമാണ് നടക്കുന്നത്.
ഇരുപതിലധികം പേർ ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടകാരണം എന്താണെന്ന് അറിവായിട്ടില്ല. പാലത്തിന്റെ കൈവരികൾ നേരത്തേ തകർന്നുപോയിരുന്നു.