മുല്ലപ്പെരിയാറിൽ പോലീസിന് പുതിയ ബോട്ട്; അണക്കെട്ടിന്റെ സുരക്ഷ ജോലിക്കായുള്ള കേരളത്തിലെ പോലീസുകാർക്ക് പോകാനാണ് പുതിയ ബോട്ട്

2008 ലാണ് പോലീസിനായി മുല്ലപ്പെരിയറ്റിൽ ബോട്ട് വാങ്ങിയത്. 20 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് കാലപ്പഴക്കം മൂലം ബോട്ട് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് എത്തി.വർഷങ്ങളായി 6 പേരുമായാണ് ഈ ബോട്ട് മുല്ലപ്പെരിയാർ ഡാമിലേയ്ക്ക് പോയിരുന്നത്. കൂടുതൽ പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ട് വേണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിനാണ് പുതിയ ബോട്ട് വന്നതിലൂടെ പരിഹാരമായിരിക്കുന്നത്.ഇടുക്കി ജില്ല പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് തേക്കടിയിൽ വച്ച് പുതിയ ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു.
അണക്കെട്ടിൻ്റെ സുരക്ഷക്കായി കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ മുല്ലപ്പെരിയാറിൽ 126 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പോലീസ് സ്റ്റേഷൻ ആരംഭിച്ചത്.പുതിയ കെട്ടിടം പണിയാൻ അനുവദിച്ച സ്ഥലത്തിന് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതിനാൽ പണികൾ മുടങ്ങിക്കിടക്കുകയാണ്.അണക്കെട്ടിനു സമീപം താമസ സൗകര്യവും സ്വന്തമായി കെട്ടിടവും ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരുടെ എണ്ണം 56 ആയി കുറച്ചിരിക്കുകയാണ്.