ജോലി ലഭിച്ചതിന്റെ വാർഷികത്തിൽ നിർദ്ധനരുടെ വൈദ്യുതി ബിൽ അടച്ച് കട്ടപ്പന കെ.എസ്.ഇ.ബി ജീവനക്കാരൻ

അമ്പലക്കവല എസ്.ടി കോളനിയിലെ 13 വീടുകളിലെ രണ്ട് മാസത്തേ വൈദ്യുതി ബില്ലാണ് കട്ടപ്പന എസ്.എൻ. ജംഗ്ഷൻ തൈപറമ്പിൽ ടി.എം. മനേഷ് അടച്ചത്. ഇതോടൊപ്പം പച്ചക്കറി പലവ്യഞ്ജന കിറ്റ് നൽകുകയും ചെയ്തു.ലൈൻമാനായ മനേഷിന് ജോലിയുടെ ഭാഗമായി പണമടക്കാത്ത നിർദ്ധനരായ പല വീട്ടുകാരുടെയും കണക്ഷൻ വിഛേദിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ പലർക്കായി പല തവണ മനേഷ് തന്നേ വൈദ്യതി ബില്ലടച്ച് സഹായിച്ചിട്ടുമുണ്ട്.
ജോലി ലഭിച്ച പതിമൂന്നാം വർഷം തികയുന്ന ദിനത്തിൽ തൻ്റെ വരുമാനത്തിന്റെ ചെറിയ ശതമാനമെങ്കിലും മറ്റുള്ളവർക്കു വേണ്ടി ചെലവഴിക്കാൻ കഴിയണമെന്ന ചിന്തയാണ് മനേഷിനെ ഈ ഉദ്യമത്തിലേക്ക് നയിച്ചത്.കൺസ്യൂമർ നമ്പർ എഴുതിക്കൊണ്ടുപോയി രഹസ്യമായി ബില്ലടിച്ച ശേഷം റസീപ്റ്റ് കൈമാറുമ്പോഴാണ് കുടുംബങ്ങളും വിവരമറിയുന്നത്.