കട്ടപ്പന കുന്തളംപാറയില്‍ വൃദ്ധയെ കൊന്നുകുഴിച്ചുമൂടിയ കേസ്: പ്രതിക്ക് 36 വര്‍ഷം തടവ്
കട്ടപ്പന കുന്തളംപാറയില്‍ വൃദ്ധയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസില്‍ പ്രതിക്ക് 36 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് മുട്ടം ജില്ലാ കോടതി. കുന്തളംപാറ പ്രിയദര്‍ശിനി എസ്.സി കോളനി സ്വദേശി മണി(47)യാണ് കേസിലെ പ്രതി. അയല്‍വാസിയായ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) യാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
2020 ജൂണ്‍ രണ്ടിന് രാത്രിയാണ് അമ്മിണിയെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തിയത്. ബലാത്സംഗശ്രമം എതിര്‍ത്ത വൃദ്ധയെ അമ്മിണിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് അമ്മിണിയുടെ വീട്ടില്‍നിന്ന് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും തെളിവുനശിപ്പിക്കുകയും ചെയ്തു. വീട് അടച്ചിട്ടിരുന്നതിനാല്‍ അയല്‍വാസികള്‍ അമ്മിണിയെക്കുറിച്ച് അന്വേഷിച്ചില്ല.
തുടര്‍ന്ന് ജൂണ്‍ 6ന് രാത്രി അയല്‍പക്കത്തെ വീട്ടില്‍ നിന്ന് തൂമ്പ വാങ്ങി അമ്മിണിയുടെ വീടിനോടു ചേര്‍ന്ന് കുഴിയെടുത്തു. 7ന് രാത്രി മൃതദേഹം വലിച്ചുകൊണ്ടുപോയി മറവുചെയ്തു. പിന്നീട് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. പിന്നീട് അമ്മിണിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണത്തിനിടെ ജൂലൈ 14ന് മൃതദേഹം സാരിയില്‍ പൊതിഞ്ഞ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തുടരന്വേഷണത്തില്‍ ജൂലൈ 22ന് തേനി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് മണിയെ അറസ്റ്റ് ചെയ്തത്.