പിക്കപ്പ് ഇടിച്ച് മരിച്ച 4 വയസുകാരൻ അമ്പാടിയെന്ന ശ്രാവണിന് ജന്മനാട് കണ്ണീരോടെ യാത്രയേകി

അകാലത്തിൽ പൊലിഞ്ഞ അമ്പാടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിൻ്റെ നാനാമേഖലയിലുള്ളവരാണ് ഇരട്ടയാർ ശാന്തിഗ്രാം 4 സെൻ്റ് കോളനിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും വിലാപം ഏവരെയും വേദനയിലാഴ്ത്തി. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് അപകടം നടന്നത്.
വീടിനു സമീപം കുടുംബശ്രീയിൽ പങ്കെടുത്തുകൊണ്ടിരുന്ന അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ശ്രാവണും ചേച്ചി വൈഗയും. ഇതിനിടയിൽ പിക്കപ്പുമായി എത്തിയ അയൽവാസി ആനിക്കാട്ട് സന്തോഷ് വാഹനം റോഡിൽ നിർത്തി കുട്ടിയുടെ മാതാവുമായി സംസാരിക്കുന്നതിനിടെ കുട്ടി വാഹനത്തിനടുത്ത് എത്തിയത് ആരും കണ്ടിരുന്നില്ല. തുടർന്ന് വാഹനം മുന്നോട്ട് എടുത്തതോടെ കുട്ടിയെ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് 4 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നാടിൻ്റെ പൊന്നോമനയായ അമ്പാടിയെ ഒരിക്കൽ കൂടി കാണുവാനും ആദരാഞ്ജലി അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് എത്തിയത്.കട്ടപ്പന പോലീസ് മേൽ നടപടി സ്വീകരിച്ചു.