ബൈസൺവാലി ചൊക്രമുടിയിൽ നടന്നത് നഗ്നമായ ഭൂമി കൈയേറ്റമാണെന്നും റവന്യു വകുപ്പും സിപിഐയും അറിഞ്ഞാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

ബൈസൺവാലി ചൊക്രമുടിയിൽ നടന്നത് നഗ്നമായ ഭൂമി കൈയേറ്റമാണെന്നും റവന്യു വകുപ്പും സിപിഐയും അറിഞ്ഞാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചൊക്രമുടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീയതി രേഖപ്പെടുത്താതെ റവന്യു മന്ത്രിക്ക് ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് ചൊക്രമുടിയിൽ പ്രത്യേക ഉത്തരവിറക്കിയത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ റീസർവേ നടത്തി ഭൂമി ക്രമവൽക്കരിച്ച് നൽകി. ചൊക്രമുടിയിൽ സിപിഐയും സിപിഎമ്മും മത്സരിച്ചാണ് റവന്യു ഭൂമി കൈയ്യേറിയത്. ചൊക്രമുടിയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ സിപിഐ ജില്ലാ കമ്മിറ്റിയംഗം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ചൊക്രമുടിയുടെ പടിഞ്ഞാറ് ഭാഗത്ത് എം.എം.മണി എംഎൽഎയുടെ സഹോദരൻ ലംബോദരനും അദ്ദേഹത്തിൻ്റെ ഭാര്യ സഹോദരന്മാരും സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തിൻ്റെ ഭർത്താവിനെതിരെ സർക്കാർ ഭൂമിയിൽ രണ്ടര കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിച്ചതിന് 2023 ൽ ഭൂസംരക്ഷണ നിയമപ്രകാരം റവന്യു വകുപ്പ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഭൂമി കയ്യേറ്റത്തിന് നടപടി സ്വീകരിച്ചില്ല. ചൊക്രമുടിയിൽ ഭൂമി കയ്യേറിയവർ കോട്ടാക്കമ്പൂരിൽ മുൻപ് 200 ഏക്കറോളം ഭൂമി കയ്യേറിയിട്ടുണ്ട്. അന്ന് ഇവർക്കെതിരെ കേസെടുത്തിരുന്നെങ്കിൽ ചൊക്രമുടിയിലെ കയ്യേറ്റം ഉണ്ടാകുമായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.