കാഞ്ചിയാർ പഞ്ചായത്ത് കാര്യാലയത്തിന്റെ സമീപത്ത് മദ്യപ സംഘത്തിന്റെ ശല്യം വർദ്ധിക്കുന്നു എന്ന് പരാതി

കാഞ്ചിയാർ പഞ്ചായത്ത് കാര്യാലയത്തിന്റെ പിൻഭാഗവും അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന് മുൻഭാഗത്തുമായിയാണ് മദ്യപസംഘം തമ്പടിക്കുന്നത്. വൈകുന്നേരം ആകുന്നതോടെ സാമുഹിക വിരുദ്ധർ ഇവിടെ ഇരുന്ന് മദ്യപിക്കുന്നത് പതിവാകുകയാണ്. കൂടാതെ പാൽ സൊസൈറ്റി കെട്ടിടത്തിന്റെ പരിസരങ്ങളിലും സാമൂഹ്യവിരുദ്ധർ മദ്യപാനത്തിനായി തിരഞ്ഞെടുക്കുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കടന്നുപോകുന്ന റോഡിന്റെ സമീപം തന്നെയാണ് മദ്യപ സംഘം വിലസുന്നത്. വിഷയം എക്സൈസ് അധികൃതരെ അടക്കം അറിയിച്ചുവെങ്കിലും നടപടി ഉണ്ടാകുന്നില്ല എന്ന് ടൗൺ വാർഡ് മെമ്പർ സന്ധ്യ ജെയൻ പറയുന്നു. മദ്യപാനത്തിനുശേഷം മദ്യ കുപ്പികളും പ്ലാസ്റ്റിക് ബോട്ടിലുകളും ഇവിടെ വലിച്ചെറിയുന്നതാണ് പതിവ്.
ഇതോടെ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു.പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മേഖലയിൽ മുമ്പ് ശുചീകരണം നടത്തിയിരുന്നുവെങ്കിലും വീണ്ടും പ്ലാസ്റ്റിക് കുപ്പികൾ കുമിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. അടിയന്തരമായി എക്സൈസോ പോലീസൊ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.