ഭൂ- രഹിതരായവർക്ക് പൂർണമായും ഭൂമി നൽകിയ സംസ്ഥാനത്തെ ആദ്യ ജില്ലയാണ് ഇടുക്കിയെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ
ജില്ലയിൽ സി എച്ച് ആർ മേഖല എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിലേറെയും റവന്യൂ ഭൂമിയെന്നും, അനധികൃത കൈയ്യേറ്റങ്ങളെ സാധാരണക്കാരൻ്റെ കുടിയേറ്റവുമായി താരതമ്യം ചെയ്യുവാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടത്തിയ ഇടുക്കി ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ രാജൻ.
സംസ്ഥാന സർക്കാർ നാലാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയ മേളയാണ് ചെറുതോണി പഞ്ചായത്ത് ടൗൺ ഹാളിൽ നടന്നത്. ഇടുക്കി,തൊടുപുഴ താലൂക്കുകളിലെ അർഹരായവർക്കുള്ള പട്ടയ വിതരണമാണ് നടത്തിയത്. മൂന്നര വർഷം കൊണ്ട് 1,80,811 പട്ടയം വിതരണം നടത്തിയതായും പട്ടയ വിതരണം ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് മന്ത്രി കെ. രാജൻ പറഞ്ഞു.
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.കട്ടപ്പനയിൽ നേരിടുന്ന ഭൂപ്രശ്നങ്ങളും നിയന്ത്രണങ്ങളും ഉടൻ നീക്കുമെന്നും, അതോടൊപ്പം കാഞ്ചിയാറിൽ തേക്ക് പ്ലാൻ്റേഷനെന്ന് രേഖപ്പെടുത്തിയതും, ഉപ്പുതറ , അയ്യപ്പൻകോവിൽ ഉൾപ്പെടെ വില്ലേജുകളിലെ പ്രശ്നങ്ങൾ പട്ടയ ഡാഷ്ബോർഡിൽ ആണെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.റ്റി. ബിനു,ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.








