കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം ടൗണിന് സമീപത്തെ കൊടും വളവ് വാഹന യാത്രക്കാർക്ക് അപകട കെണിയായി മാറുന്നു

ഇവിടെ പ്രധാനപാതയിൽ നിന്നും അമ്മച്ചി കൊട്ടാരത്തിലേക്കും എം ആർ എസ് സ്കൂളിലേക്കും വാഹനങ്ങൾ തിരിഞ്ഞു കയറുമ്പോൾ അപകട ഭീഷണി വലുതാണ്. ചില സമയങ്ങളിൽ ഇവിടെ അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്ന വിവരം ഡ്രൈവർമാർക്ക് കാണുവാനുള്ള കോൺവെക്സ് മിറർ പോലുള്ള സംവിധാനം ഇവിടെ ഒരുക്കണമെന്ന് ആവശ്യം ശക്തമാണ്.
വളരെ ദൈർഘ്യമേറിയ ഒരു വളവാണിത്. ഇതിനാൽ പ്രധാന പാതയിൽ നിന്നും അമ്മച്ചി കൊട്ടാരം എംആർഎസ് സ്കൂൾ എന്നിവിടങ്ങളിലേക്ക് ഈ വളവിന്റെ മധ്യഭാഗത്തുനിന്നാണ് തിരിയുന്നത്. ഈ സമയം എതിർ ദിശയിൽ വാഹനം വേഗതയിൽ എത്തിയാൽ അപകടം ഉറപ്പ്. സമാന രീതിയിൽ മുൻപ് ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്. പ്രധാന പാതയിലൂടെ വരുന്ന വാഹന ഡ്രൈവർമാർക്ക് ഇവിടെ നിന്നും വാഹനം തിരിയുന്ന വിവരം അടുത്തെത്തുമ്പോൾ മാത്രമേ അറിയാൻ കഴിയൂ. ഇതാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ്.
തേക്കടിയിലേക്കും വാഗമണ്ണിലേക്കും എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരത്ത് എത്തുന്നുണ്ട്. ഇതിനാൽ തന്നെ സദാസമയവും വാഹനങ്ങൾ പ്രധാന പാതയിൽ നിന്നും ഈ റോഡിലേക്ക് തിരിഞ്ഞു കയറുന്നുണ്ട്. കൂടാതെ പ്രദേശവാസികളുടെ വാഹനങ്ങളും ഉണ്ട്.
നിലവിൽ ജീവനിൽ ഭയന്നാണ് വാഹനം ഡ്രൈവർമാർ ഇവിടെ നിന്നും ഇടവഴിയിലേക്ക് തിരിച്ച് കയറ്റുന്നത്. ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കോൺവെക്സ് മിററുകൾ പോലുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്. ഇതല്ലെങ്കിൽ സുരക്ഷ മുന്നറിയിപ്പ് സംവിധാനങ്ങൾ ഈ ഭാഗത്ത് ഒരുക്കണമെന്ന് ആവശ്യവും ആളുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.