ഏലപ്പാറ പഞ്ചായത്തിൽ വീണ്ടും വന്യമൃഗ സാന്നിധ്യം. ഒന്നാം മൈൽ ജനവാസ മേഖലയിൽ തോട്ടത്തിൽ മേയാൻ വിട്ട പശുക്കടാവിനെ വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തി

ഏലപ്പാറ ടൗണിന് സമീപം കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയോരത്ത് ഒന്നാം മൈലിൽ ജനവാസ മേഖലയിൽ ആണ് വന്യമൃഗത്തിൻ്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നത് .കഴിഞ്ഞ ദിവസം ഇവിടെ തോട്ടത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തി. അക്രമിച്ചത് പുലിയാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ. ആഴ്ചകൾക്ക് മുമ്പ് പ്രദേശവാസി തന്റെ ഏലത്തോട്ടത്തിലേക്ക് പോകുന്ന വഴി പുലിയെ നേരിൽ കണ്ടതായി സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് വീണ്ടും വന്യ മൃഗത്തിൻ്റെ സാന്നിധ്യം ഉണ്ടാകുന്നത്. നിലവിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
നാളുകളായി പ്രദേശത്ത് വന്യമൃഗ സാന്നിധ്യം ഉള്ളതായി നാട്ടുകാരും പറയുന്നുണ്ട് .ഈ പ്രദേശത്തിന് തൊട്ടടുത്താണ് ഏലപ്പാറ കോഴിക്കാനം. ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും നടപടി ഉണ്ടായില്ല. പ്രദേശത്തെ വളർത്തു മൃഗങ്ങളെ അടക്കം പുലി പിടികൂടിയിരുന്നു.
കോഴിക്കാനം കൂടാതെ വള്ളക്കടവിലും, ഹെലിബറിയായിലും കഴിഞ്ഞനാളിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതാണ്. തുടർച്ചയായി ജനവാസ മേഖലയിൽ വന്യമൃഗം എത്തുന്നതോടെ നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് തന്നെ പ്രതിസന്ധിയായി മാറുകയാണ്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ജനവാസ മേഖലയിൽ ഇറങ്ങിയ വന്യമൃഗത്തെ പിടികൂടി ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.