സ്റ്റോപ്പ് മെമ്മോ അവഗണിച്ച് അനധികൃത നിർമാണം; അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ചപ്പാത്തിലാണ് പുഴ കൈയേറി കെട്ടിടം നിർമ്മിക്കുന്നത്

അയ്യപ്പൻകോവിൽ പഞ്ചായത്ത് ചപ്പാത്തിലാണ് സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഭൂ മാഫിയകളുടെ അനധികൃത നിർമ്മാണം തകൃതിയായി നടക്കുന്നത് .മലയോര ഹൈവേ നിർമാണം നടക്കുന്നതിന്‍റെ മറവിൽ ചപ്പാത്ത് സിറ്റിയിൽ ഒരു മാസത്തിലേറെയായി ചില സ്വകാര്യ വ്യക്തികൾ പെരിയാർ പുഴ കൈയേറി വാണിജ്യ സമുച്ചയം നിർമ്മിക്കുന്നത്. സംഭവം വിവാദമാകുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്‌തതിനു പിന്നാലെ ജില്ലാ ഭരണകൂടം നിർമാണം നിർത്തിവയ്പ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് പഞ്ചായത്തും റവന്യൂ അധികൃതരും സ്ഥലത്തെത്തി നിർമ്മാണം നിർത്തിവയ്പ്പിച്ചു. എന്നാൽ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് വീണ്ടും നിർമ്മാണം നടത്തുന്നതായാണ് പരാതി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ പുഴ കൈയേറ്റങ്ങൾക്കെതിരെ വ്യാപക നടപടികൾ എടുത്തുകൊണ്ടിരിക്കെയാണ് ചപ്പാത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി കൈയേറ്റ മാഫിയ നിർമാണം തുടരുന്നത്.
മൂന്ന് ദിവസമായി പകലും രാത്രിയിലും നിർമ്മാണം നടന്നിട്ടും റവന്യൂ വിഭാഗം നടപടിയെടുത്തിട്ടില്ലെന്നും ആക്ഷേപം ഉയരുന്നു. ഇതിനിടെ സ്വകാര്യ വ്യക്തികൾ നിയമത്തെ വെല്ലുവിളിച്ച് നടത്തുന്ന നിർമ്മാണം ചപ്പാത്ത് സിറ്റിയെ ഒന്നടങ്കം കുടിയിറക്കിലേക്ക് തള്ളിവിടുമോയെന്ന ആശങ്കയും വ്യപകമായിരിക്കുകയാണ്. നിലവിൽ നടക്കുന്ന കൈയേറ്റം സംബന്ധിച്ച് പരിസ്ഥിതി സംഘടനകളോ, വ്യക്തികളോ കോടതിയെ സമീപിച്ചാൽ അത് ചപ്പാത്ത് സിറ്റിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും.
മതിയായ രേഖകളില്ലാതെ ചപ്പാത്ത് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ കോടതി നിർദേശിച്ചാൽ ചപ്പാത്ത് സിറ്റി തന്നെ ഇല്ലാതാകുന്ന സ്ഥിതി വിശേഷവും ഉണ്ടാകും. ഇത്തരം സാഹചര്യം മുന്നിൽ കണ്ട് കൈയേറ്റക്കാരെ തടയാൻ വ്യാപാരികൾക്കിടയിൽ തന്നെ ശ്രമം നടന്നിട്ടുണ്ടെങ്കിലും സാധ്യമായിട്ടില്ല.
ചില തൽപ്പര കക്ഷികൾ നടത്തുന്ന അനധികൃത നിർമാണത്തിനെതിരെ ഇപ്പോൾ തന്നെ ചപ്പാത്ത് സിറ്റിയിലെ വ്യാപാരികൾക്കിടയിൽ അമർഷമുണ്ട് അതേസമയം വിഷയത്തിൽ ഇടപെടേണ്ട പഞ്ചായത്ത് ഭരണ സമിതിയും, റവന്യൂ വകുപ്പും മൗനം തുടരുന്നതായും ആക്ഷേപം ഉയരുന്നു.