ഇടുക്കി താലൂക്ക് ഓണം ഫെയറിന് കട്ടപ്പന പീപ്പിൾസ് ബസാറിൽ തുടക്കമായി
ഇടുക്കി താലൂക്ക് ഓണം ഫെയറിന് കട്ടപ്പന പീപ്പിൾസ് ബസാറിൽ തുടക്കമായി. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായിട്ടാണ് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമെ , പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നൽകുന്നത്.
നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവും, പ്രത്യേകം ഓഫറുകളും നൽകുന്നുണ്ട്. ജില്ലാ ഫെയറിൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവും കോമ്പോ ഓഫറുകളും നൽകുന്നുണ്ട്.
സെപ്റ്റംബർ 14 വരെ, രാവിലെ 10 മുതൽ രാത്രി 8 വരെയാണ് സപ്ലൈകോ ഓണം ഫെയറുകൾ പ്രവർത്തിക്കുക. നെടുങ്കണ്ടം സപ്ലൈ കോ സൂപ്പർ മാർക്കറ്റ് , അടിമാലി പീപ്പിൾസ് ബസാർ,വണ്ടിപ്പെരിയാർ സപ്ലൈ കോ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ താലൂക്ക് ഓണം ഫെയറുകളും തൊടുപുഴ പഴയ ബസ്സ്റ്റാൻഡ് മൈതാനിയിൽ ജില്ലാ ഓണം ഫെയറും പ്രവർത്തിക്കുന്നു.